|
ഈ കഴിഞ്ഞ ശനിയാഴ്ച ധറം ബ്രാണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ കൃത്യം 10.30ന് നാട്ടില്‍ നിന്നെത്തിയ ടോണിയുടെ മാതാപിതാക്കളായ ദേവസി, ഷീല ദേവസി, ജോമോളുടെ മാതാപിതാക്കളായ ജോയ്, ഷീല, നിത്യയുടെ അമ്മ സുജാത, റയോണിന്റെ മാതാപിതാക്കളായ തോമസ് ഡിസില്‍വ, മേരി ഡിസില്‍വ, അജുവിന്റെ മാതാപിതാക്കളായ ജയ്സണ്‍, അഞ്ജന എന്നിവരോടൊപ്പം ഫോട്ടോഗ്രാഫറായ അക്ഷയ്, ജിനു രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് സുനിതാ ഗുപ്ത സംവിധാനം ചെയ്ത, 50 ഓളം കലാകാരന്മാരും കലാകാരികളും അണിനിരന്ന കേരളീയം എന്ന ഓണം തീം നോര്‍ത്ത് ഈസ്റ്റ് യുകെയിലെ അത്യുജ്ജ്വല പ്രോഗ്രാമുകളില്‍ ഒന്നായി മാറുകയും ഏവരുടെയും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു, തിരുവോണത്തിന്റെ ഐതിഹ്യം, മാവേലിയെ വരവേല്‍ക്കല്‍, ഓണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലാസിക്കല്‍ ഡാന്‍സ്, 40 പേരോളം അടങ്ങുന്ന മനോഹരമായ മെഗാ തിരുവാതിര, കോല്‍ കളി, കൊയ്ത്തു പാട്ട് ഡാന്‍സ്, നാടന്‍ പാട്ട് ഡാന്‍സ്, വഞ്ചിപ്പാട്ട്, പുലികളി എന്നിങ്ങനെ കേരളത്തിലെ തനത് ഓണ കലകളെ മുന്‍ത്തിയായിരുന്നു കേരളീയം ഒരുക്കിയത്.
തുടര്‍ന്ന് ഡാര്‍ലിംഗ്ടണ്‍ ചെണ്ടമേളം ടീം ഒരുക്കിയ മേള പെരുക്കം ഒരു നൂതനാനുഭവം ആകുകയും ഏവരും സര്‍വ്വം മറന്ന് മേളപ്പെരുക്കം ആസ്വദിക്കുകയും ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സുകള്‍, മാവേലിയെ വരവേല്‍ക്കല്‍, പാട്ടുകള്‍, വിഭവസമൃദ്ധമായ ഓണസദ്യ, ഉച്ചയ്ക്കുശേഷം, പങ്കെടുത്ത ഏതാണ്ട് മുഴുവനാളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തങ്ങളായ ഫാമിലി ഫണ്‍ ഗെയിമുകള്‍, വ്യത്യസ്ത വിഭാഗങ്ങളിലായി വിവിധ ഗ്രൂപ്പുകള്‍ അണിനിരന്ന വാശിയേറിയ, കൂട്ടായ്മയുടെ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം എന്നിങ്ങനെ നൂതനവും വ്യത്യസ്തവുമായ പരിപാടികളോടെ രാത്രി 10 മണിയോടുകൂടി ആഘോഷങ്ങള്‍ അവസാനിച്ചു.
പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എ ലെവല്‍ വിഭാഗത്തില്‍ മികച്ച വിജയം നേടിയ സ്നേഹ ബൈജുവിനെയും, ജിസിഎസ്ഇയില്‍ മികച്ച വിജയം കരസ്ഥമാക്കിയ നിവേദ് പ്രശാന്ത്, ജോവിറ്റു ജോസ്, പോള്‍ മാത്യു, ദുര്‍ഗ, സീന, മനു എന്നിവരെ കൂട്ടായ്മയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. മനോഹരമായ അവതരണത്തിലൂടെ മീന സജിയും ശാന്തി നിഷാദും പരിപാടികള്‍ ആദ്യ അവസാനം നിയന്ത്രിച്ചു. പരിപാടിക്ക് സി വിനോദ് സ്വാഗതവും ശാന്തി നിഷാദ് കൃതജ്ഞതയും രേഖപ്പെടുത്തി. |