കൊച്ചി: ഗതാഗത നിയമലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു സ്ഥലത്ത് വീണ്ടും പിഴ ചുമത്തിയ നടപടി കൊച്ചി ട്രാഫിക് പൊലീസ് റദ്ദാക്കി. പാലാരിവട്ടം സ്വദേശി നെറ്റോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃതമായി ചുമത്തിയ പിഴ പിന്‍വലിച്ചത്. സംഭവത്തില്‍ വീഴ്ച പറ്റിയതായി പൊലീസ് വിശദീകരിക്കുകയും പരാതിക്കാരനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02-ന് കലൂരില്‍ സീബ്രാ ക്രോസിങ് ലംഘിച്ചതിന് നെറ്റോയുടെ വാഹനത്തിന് ആദ്യ ഇ-ചലാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് 12.51-ന് കച്ചേരിപ്പടിയില്‍ മറ്റൊരു സീബ്രാ ക്രോസിങ് ലംഘനം നടന്നതായി കാണിച്ച് രണ്ടാമത്തെ പിഴയും ചുമത്തുകയായിരുന്നു. ഇതിനെതിരെ നെറ്റോ കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
രണ്ടാമത്തെ പിഴയ്ക്കായി ഉപയോഗിച്ച ഫോട്ടോ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതായാണ് നെറ്റോ പറയുന്നത്. ആദ്യത്തെ പിഴയ്ക്കായി ഉപയോഗിച്ച അതേ ചിത്രത്തിന്റെ വൈഡ് ആംഗിള്‍ പതിപ്പാണ് രണ്ടാമത്തെ ചലാനിലും ഉപയോഗിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് ഫോട്ടോയിലേയും സീബ്രാ ലൈന്‍ അടയാളങ്ങള്‍ ഒരുപോലെയാണെന്നും തെളിവുകള്‍ സഹിതം പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ, രണ്ടാമത്തെ പിഴ ലഭിച്ച സമയത്ത് നെറ്റോ എംജി റോഡിലെ മാളില്‍ സിനിമ കാണുകയായിരുന്നുവെന്നും വാഹനം മാള്‍ പാര്‍ക്കിങിലായിരുന്നുവെന്നും പാര്‍ക്കിങ് രസീതും സിനിമാ ടിക്കറ്റും തെളിവായി ഹാജരാക്കി.
സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കു താക്കീത് നല്‍കിയതായി പൊലീസ് അറിയിച്ചു