ന്യൂഡല്‍ഹി: യുഎസ് ബി1, ബി2 വിസക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി രംഗത്തെത്തി. വിസ ദുരുപയോഗം ചെയ്യുകയോ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന കാലയളവില്‍ കൂടുതലായി താമസിക്കുകയോ ചെയ്താല്‍ സ്ഥിരം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് എംബസി വ്യക്തമാക്കിയത്.
എക്സില്‍ പങ്കുവച്ച വിഡിയോയില്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ വിസ അപേക്ഷകള്‍ ചില കാരണങ്ങളാല്‍ നിരസിക്കപ്പെടാമെന്ന മുന്നറിയിപ്പും നല്‍കി. വിസാ ഇന്റര്‍വ്യൂവിനിടെ സന്ദര്‍ശക വിസയുടെ നിബന്ധനകള്‍ പാലിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ വിസ നിഷേധിക്കുമെന്നും എംബസി അറിയിച്ചു.
വിസ ശരിയായി ഉപയോഗിക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമാണെന്നും, അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ എന്താണ് അനുവദനീയവും എന്താണ് നിരോധിതവുമെന്നത് മനസ്സിലാക്കണമെന്ന് എംബസി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി വിസയില്‍ യുഎസിലേക്ക് പോകുന്നവര്‍ക്കും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് നിയമങ്ങള്‍ ലംഘിക്കുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താല്‍ വിദ്യാര്‍ത്ഥി വിസ റദ്ദാക്കപ്പെടാനും, നാടുകടത്തലിന് കാരണമാകാനും, ഭാവിയില്‍ യുഎസ് വിസകള്‍ക്ക് യോഗ്യത നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് എംബസി മുന്നറിയിപ്പ് നല്‍കി