തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് വ്യാജപരാതി നല്‍കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. യുവതിക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതായും, പുരുഷന്മാര്‍ക്കെതിരെ കള്ളപ്പരാതി നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ഡ്രഗ്സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ലെന്നും, താന്‍ 16 ദിവസമാണ് ജയിലില്‍ കഴിഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.
'അതിജീവിത എന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍. അവനെ പിന്തുണച്ച് നല്‍കിയ വിഡിയോയാണ് അവരെ പ്രകോപിപ്പിച്ചത്. അയാളിനെതിരെ പരാതി കൊടുക്കാന്‍ കഴിയാത്തതിനാല്‍ എനിക്കെതിരെ പരാതി നല്‍കി. അവര്‍ പരാതിക്കാരിയാണ്, അതിജീവിത അല്ല. ഞാന്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടില്ല, ലൈക്ക് പോലും അടിച്ചിട്ടില്ല. ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. സ്ത്രീസുരക്ഷയുടെ ആശയം ദുരുപയോഗം ചെയ്യപ്പെടുകയാണ്,' എന്ന് രാഹുല്‍ ആരോപിച്ചു.
പരാതിക്കാരി ഉന്നയിച്ച പീഡനാരോപണം നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, മാധ്യമങ്ങള്‍ സത്യത്തിനൊപ്പമാണ് നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ കള്ളക്കേസില്‍ ജയിലില്‍ ഇടാന്‍ സാധിച്ചാല്‍ പിന്നെ ആരും സുരക്ഷിതരല്ലെന്നും, മുഖ്യമന്ത്രിയോട് ശക്തമായ എതിര്‍പ്പുണ്ടെങ്കിലും കള്ളം പറയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇല്ലാത്ത പരാതിയുടെ പേരിലാണ് തനിക്ക് ക്രൂശിക്കപ്പെടുന്നതെന്നും, അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസില്‍ നിന്ന് അറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, താനും രാഹുല്‍ മാങ്കൂട്ടത്തിലും സുഹൃത്തുക്കളല്ലെന്നും, വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളാണ് ഇരുവരും സ്വീകരിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി