കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ തോറ്റതോടെ സര്‍ക്കാര്‍ വര്‍ഗീയതയെ ആശ്രയിക്കുന്ന നിലപാടിലേക്ക് വഴിമാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നുവെന്നും, ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത തരത്തിലുള്ള വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിച്ച നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് പരാജയപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തില്‍ തിരുത്തിയില്ലെങ്കില്‍ വെള്ളാപ്പള്ളിയെയും തിരുത്തേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ മതനിരപേക്ഷ നിലപാട് അനിവാര്യമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യതയാണ് യുഡിഎഫ് പരിഗണിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
വയനാട്ടില്‍ നടക്കുന്ന നേതൃ ക്യാംപില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു