പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ക്രൂരമായ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പുതിയ പരാതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്ന് രാത്രി 12.30ഓടെ കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുലിനെതിരെ നടപടി ശക്തമായത്. ഗര്‍ഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായിരുന്നുവെന്നും, എന്നാല്‍ പരിശോധനയ്ക്കായി ആവശ്യപ്പെട്ട സാമ്പിള്‍ നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചുവെന്നും മൊഴിയില്‍ പറയുന്നു.
സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് രാഹുല്‍ വാഗ്ദാനം നല്‍കിയതായി യുവതി ആരോപിച്ചു. നേരില്‍ കാണാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ നിര്‍ദേശിച്ചുവെന്നും, അവിടെ എത്തിയ ഉടന്‍ തന്നെ ക്രൂരമായ ലൈംഗിക ആക്രമണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
മുഖത്ത് അടിക്കുകയും തുപ്പുകയും ശരീരത്തില്‍ മുറിവുകള്‍ വരുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഗര്‍ഭിണിയായ വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറഞ്ഞതോടൊപ്പം ഗര്‍ഭഛിദ്രത്തിനുള്ള കടുത്ത സമ്മര്‍ദ്ദവും ഉണ്ടാക്കിയെന്നും മൊഴിയില്‍ പറയുന്നു.
ഗര്‍ഭം അലസിയതിന് ശേഷം യുവതി വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തുവെന്നും, ഇ-മെയിലുകള്‍ക്കും മറുപടി നല്‍കിയില്ലെന്നും പറയുന്നു. പിന്നീട് രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിക്കേണ്ടിവന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബന്ധപ്പെടുകയും, ഫ്ലാറ്റ് വാങ്ങി തരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തുവെങ്കിലും അത് നടപ്പായില്ല. പലപ്പോഴായി സാമ്പത്തിക സഹായം കൈപ്പറ്റിയെന്നും വിലകൂടിയ വസ്തുക്കള്‍ വാങ്ങിച്ചുവെന്നും യുവതി ആരോപിച്ചു.
ലൈംഗികാതിക്രമ കേസുകള്‍ ഉയര്‍ന്നപ്പോള്‍ ഭീഷണിപ്പെടുത്തുകയും കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്നും രാഹുല്‍ ഭീഷണി മുഴക്കിയതായി പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു