ന്യൂഡല്‍ഹി: അമേരിക്കയിലെ മേരിലാന്‍ഡില്‍ 27 കാരിയായ ഇന്ത്യക്കാരി നികിത റാവു ഗോഡിഷാലയെ മുന്‍ കാമുകന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. യുവതിയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുന്‍ കാമുകന്‍ അര്‍ജുന്‍ ശര്‍മക്കെതിരെ കൊലപാതക കുറ്റം ചുമത്തി അമേരിക്കന്‍ പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പുതുവത്സരാഘോഷത്തിനിടെ മേരിലാന്‍ഡ് സിറ്റിയിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഗോഡിഷാലയെ അവസാനമായി കണ്ടതെന്നും പിന്നീട് കാണാതായതായും കാണിച്ച് 26 കാരനായ ശര്‍മയാണ് ജനുവരി 2ന് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്ത ഉടന്‍ ശര്‍മ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞതായി പൊലീസ് വ്യക്തമാക്കി. ജനുവരി 3ന് ശര്‍മയുടെ വീട്ടില്‍ നിന്നാണ് ഗോഡിഷാലയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 31ന് വൈകുന്നേരം 7 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്.
മേരിലാന്‍ഡ് കൊളംബിയയിലെ വേഡ ഹെല്‍ത്തില്‍ ഡാറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റായിരുന്നു ഗോഡിഷാല. 2025 ഫെബ്രുവരിയില്‍ അവര്‍ സ്ഥാപനത്തില്‍ ചേര്‍ന്നതും, ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിന് അവാര്‍ഡ് ലഭിച്ചതുമാണ്. അതിന് മുമ്പ് മാനേജ്മെന്റ് സയന്‍സസ് ഫോര്‍ ഹെല്‍ത്തില്‍ ഡാറ്റ അനാലിസിസ് ആന്‍ഡ് വിഷ്വലൈസേഷന്‍ സ്പെഷ്യലിസ്റ്റായും ജോലി ചെയ്തിരുന്നു. 2022 ജൂണ്‍ മുതല്‍ 2023 മെയ് വരെ ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ മേരിലാന്‍ഡ് സര്‍വകലാശാലയിലായിരുന്നു പഠനം.
ഇന്ത്യയില്‍ ഗോഡിഷാല കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) ഹോസ്പിറ്റലുകളില്‍ ഒന്നര വര്‍ഷം ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ഇന്റേണായും പിന്നീട് രണ്ട് വര്‍ഷം ക്ലിനിക്കല്‍ ഡാറ്റ സ്പെഷ്യലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. 2015 ജൂണ്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഫാര്‍മസി പഠിച്ച അവര്‍, പിന്നീട് മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ആരോഗ്യ വിവര സാങ്കേതിക വിദ്യയില്‍ ബിരുദാനന്തര ബിരുദം നേടി അമേരിക്കയിലേക്ക് പോയതാണ്