കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ബത്തേരി കോണ്‍ഗ്രസ് നേതൃക്യാംപില്‍ തെരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പില്‍ 100-ലധികം സീറ്റുകള്‍ ഉറപ്പാണെന്നും യുഡിഎഫ് വിസ്മയം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെറുതെ ഇടതുമുന്നണിയെ കുറ്റം പറയുകയല്ല ലക്ഷ്യമെന്നും, അവര്‍ പരാജയപ്പെട്ട മേഖലകളില്‍ യുഡിഎഫ് വിജയിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണെന്നും സതീശന്‍ പറഞ്ഞു. ആരോഗ്യരംഗത്തും കാര്‍ഷികരംഗത്തും എല്‍ഡിഎഫ് തകര്‍ത്ത മേഖലകളില്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തുമെന്നും, സമ്പദ്ഘടന തകര്‍ന്ന നിലയില്‍ നിന്ന് കൃത്യമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റിലൂടെ രക്ഷപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയ സതീശന്‍, അത് ജനങ്ങളെ നികുതി കൊള്ള നടത്തലല്ലെന്നും, ഖജനാവില്‍ നിന്നും കൊള്ളയടിച്ച പണം തിരികെ കൊണ്ടുവരാനാണെന്നും പറഞ്ഞു. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്, ആ പണം ക്ഷേമ-വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പ്രഖ്യാപിക്കാന്‍ പോകുന്ന പദ്ധതികള്‍ കേരളത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന, യാഥാര്‍ത്ഥ്യബോധത്തോടും ആത്മാര്‍ത്ഥതയോടും കൂടി നടപ്പാക്കാവുന്ന പ്രായോഗിക പദ്ധതികളായിരിക്കുമെന്ന് സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കില്ലെന്ന ഉറപ്പോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ യുഡിഎഫ് പല പാര്‍ട്ടികളുടെ കോണ്‍ഫെഡറേഷന്‍ അല്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട യുഡിഎഫ് തന്നെ തീരുമാനിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ യുഡിഎഫിനൊപ്പമുണ്ടാകുമെന്നും, മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്നും, മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ടെന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു