തൃശൂര്‍: പ്രതിപക്ഷ നേതാവിന്റെ വീടുവെച്ച് നല്‍കല്‍ പ്രഖ്യാപനം തമിഴ് സിനിമയിലെ കോമഡിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. ലൈഫ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഫെബ്രുവരിയോടെ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് രാജേഷ് അറിയിച്ചു.
കഴിഞ്ഞ ദിവസം വെറും മുപ്പത് സെക്കന്‍ഡിനുള്ളില്‍ 300 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചതിനെ മന്ത്രി പരിഹസിച്ചു. അധികാരത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച എം.എം. ഹസ്സന്‍ ഇനിയും അത് പറയാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത്തരം പ്രസ്താവനകളാണ് ജനങ്ങള്‍ അവരെ മാറ്റിനിര്‍ത്താന്‍ കാരണമായതെന്നും രാജേഷ് പറഞ്ഞു.
ഒന്നര കൊല്ലം കൊണ്ട് നൂറ് വീടു പോലും നല്‍കാന്‍ കഴിയാത്തവര്‍ 100 സീറ്റ് തരണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നത് മുന്നണികളുടെ നയവ്യത്യാസം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തങ്ങള്‍ പറയുന്ന കണക്കുകള്‍ പ്രതിപക്ഷ നേതാവിന്റെ പോലെ വ്യാജമല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹത്തിനും കഴിയുന്നില്ലെന്നും രാജേഷ് വിമര്‍ശിച്ചു.
ലൈഫ് പദ്ധതിക്ക് നീതി ആയോഗിന്റെ 'ബെസ്റ്റ് പ്രാക്ടീസ്' അംഗീകാരമാണ് ലഭിച്ചതെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി