ലണ്ടന്‍: യുകെയിലാകമാനം വീശിയടിക്കുന്ന ഗൊറെറ്റി കൊടുങ്കാറ്റ് ജനജീവിതം താറുമാറാക്കി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് കൊടുങ്കാറ്റ് സൃഷ്ടിച്ചത്. 64,000 വീടുകളില്‍ വൈദ്യുതി മുടങ്ങി, വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
പലയിടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു, മരം വീണും വീടുകളും വാഹനങ്ങളും നശിച്ചു. വെള്ളപ്പൊക്കം മൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. രാജ്യത്ത് മുഴുവന്‍ ആമ്പര്‍, മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കരയിലേക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റ് മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ വീശിയടിച്ചതോടെ, മഞ്ഞ്, കാറ്റ്, മഴ, ഐസ് എന്നിവയ്ക്കുള്ള മുന്നറിയിപ്പുകള്‍ ശക്തിപ്പെടുത്തി. സ്കോട്ട്ലന്‍ഡ്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍, വെയില്‍സ് എന്നിവിടങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഐസ് മൂടാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
തെക്കന്‍ ഇംഗ്ലണ്ടില്‍ ഭാഗികമായി ഉരുകിയ മഞ്ഞ് വീണ്ടും മരവിക്കുന്നതിനാല്‍ കൂടുതല്‍ ഐസ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. റോഡുകള്‍, നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍ എന്നിവയില്‍ ഐസില്‍ തെന്നിവീഴാതെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വെള്ളിയാഴ്ച രാത്രി ഇംഗ്ലണ്ടില്‍ താപനില 3 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്നെങ്കിലും, സ്കോട്ട്ലന്‍ഡില്‍ 1C, വടക്കന്‍ അയര്‍ലണ്ടില്‍ 3C വരെ താഴ്ന്നു. ശനിയാഴ്ച പല നഗരങ്ങളിലും 3C മാത്രമായിരുന്നു പകല്‍ താപനില. ഞായറാഴ്ചയും വലിയ മാറ്റമില്ലാതെ തണുപ്പ് തുടരുമെന്ന് പ്രവചനം.
ഗൊറെറ്റി കൊടുങ്കാറ്റ് കിഴക്കോട്ട് നീങ്ങുന്നതിനാല്‍ രാജ്യത്ത് 106 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 12 ഗുരുതര മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു. മഞ്ഞ് ഉരുകുന്നതോടെ വെള്ളപ്പൊക്ക സാധ്യത വര്‍ദ്ധിക്കുമെന്ന് സ്കോട്ടിഷ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി (SEPA) മുന്നറിയിപ്പ് നല്കി.
വാരാന്ത്യം മുഴുവന്‍ മഞ്ഞുവീഴ്ചയും ഐസും തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഞായറാഴ്ച പടിഞ്ഞാറ് നിന്ന് മറ്റൊരു കൊടുങ്കാറ്റ് എത്തുമെന്നതിനാല്‍ കൂടുതല്‍ മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കൊടുങ്കാറ്റിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട കോണ്‍വാളിലും ഐല്‍സ് ഓഫ് സില്ലിയിലും വെള്ളിയാഴ്ച അപൂര്‍വ റെഡ് വെതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു