Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രിയുടെ തലയില്‍ ചൂട് പായസം വീണു
reporter

കൊല്ലം: കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നടന്ന പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങുകള്‍ക്കിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ മധുരപലഹാരമായി പായസം വിതരണം സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനത്തിന് ശേഷം ബസിനകത്ത് പ്രവര്‍ത്തകര്‍ക്കും യാത്രക്കാര്‍ക്കുമായി പായസം വിതരണം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിരക്കിനിടെ അബദ്ധത്തില്‍ ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കൂടെയുണ്ടായിരുന്ന ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഉടന്‍ തന്നെ മന്ത്രിയുടെ മുഖവും തലയും ഷാളും മറ്റ് തുണികളും ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി. ചെറിയ അസ്വസ്ഥതയുണ്ടായെങ്കിലും മന്ത്രി പരിപാടിയില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് ചിന്നക്കടവ് വരെ അതേ ബസില്‍ യാത്ര ചെയ്ത ശേഷം അവിടെ നിന്ന് മടങ്ങുകയായിരുന്നു. സംഭവം ചടങ്ങില്‍ ചെറിയ ആശങ്ക സൃഷ്ടിച്ചെങ്കിലും മന്ത്രിക്ക് ഗുരുതര പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പായസവിതരണത്തിനിടയിലെ തിരക്കും ക്രമീകരണത്തിലെ പിഴവുമാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഉദ്ഘാടന പരിപാടിക്കിടെ ഇത്തരമൊരു സംഭവം ഉണ്ടായ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ പരിശോധിച്ച് വരികയാണ്. പൊതുപരിപാടികളിലും യാത്രാ ഉദ്ഘാടനങ്ങളിലുമുള്ള ഭക്ഷണവിതരണത്തില്‍ കൂടുതല്‍ ജാഗ്രതയും നിയന്ത്രണവും വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window