Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പി.എം. ശ്രീയും മദ്യനികുതി ഇളവും; സതീശന്‍ സര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ച് മുസ്ലിം ലീഗ്
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലും വീര്യം കുറഞ്ഞ മദ്യപാനീയങ്ങളുടെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിര്‍ദേശത്തിലും ശക്തമായ വിയോജിപ്പ് അറിയിച്ച് മുസ്ലിം ലീഗ്. ഇരു വിഷയങ്ങളിലുമുള്ള ആശങ്കകള്‍ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി വി.ഡി. സതീശനെ ഔദ്യോഗികമായി അറിയിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ആശങ്കകള്‍ക്ക് വ്യക്തമായ പരിഹാരം കാണുമെന്നാണ് ലീഗ് വൃത്തങ്ങളുടെ പ്രതീക്ഷ. അനുയോജ്യമായ വേദികളില്‍ ഉചിതമായ രീതിയില്‍ പാര്‍ട്ടി നിലപാട് ഉന്നയിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. ഭരണത്തിന്റെ തുടക്കത്തില്‍ത്തന്നെ മുഖ്യമന്ത്രിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ലീഗ് നേതൃത്വം ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളിലും യുവജന-വിദ്യാര്‍ഥി സംഘടനകളിലും വിവിധ സമുദായ സംഘടനകളിലും പ്രതിഷേധം ശക്തമായതോടെയാണ് നിലപാട് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ തീരുമാനിച്ചത്.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി.ഡി. സതീശനുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കൂടുതല്‍ എളുപ്പമായിരുന്നുവെന്നാണ് ചില മുതിര്‍ന്ന ലീഗ് നേതാക്കളുടെ വിലയിരുത്തല്‍. സതീശന്‍ മുഖ്യമന്ത്രി പദവിയിലെത്തുന്നതില്‍ ലീഗ് നിര്‍ണായക പങ്കുവഹിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് ലീഗിന് ഫിഷറീസ് വകുപ്പ് ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും പാര്‍ട്ടി നേതൃത്വം ഓര്‍മിപ്പിക്കുന്നു.

പി.എം. ശ്രീയില്‍ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പ്

സാങ്കേതികവും നിയമപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി തുടരാനുള്ള സര്‍ക്കാരിന്റെ തീരുമാനം ലീഗ് നേതൃത്വത്തില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച ധാരണാപത്രത്തെ യുഡിഎഫും പ്രത്യേകിച്ച് മുസ്ലിം ലീഗും ശക്തമായി എതിര്‍ത്തിരുന്നു. സാമ്പത്തിക കാരണങ്ങളാലല്ല, പ്രത്യയശാസ്ത്രപരമായ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു എതിര്‍പ്പെന്നാണ് ലീഗ് വൃത്തങ്ങളുടെ വിശദീകരണം. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഇടപെടല്‍ ശക്തമാക്കുന്നതിനും പി.എം. ശ്രീ പദ്ധതി വഴിയൊരുക്കുമെന്നാണ് ലീഗിന്റെ ആശങ്ക. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാര്‍ട്ടി പദ്ധതിയെ കാണുന്നത്.

ഇപ്പോള്‍ പിന്മാറുക എളുപ്പമല്ലെന്ന് എം.കെ. മുനീര്‍

നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് പി.എം. ശ്രീ പദ്ധതിയില്‍നിന്ന് പെട്ടെന്ന് പിന്മാറാന്‍ സാധിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളും വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരവും സംരക്ഷിക്കാതെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേന്ദ്രവുമായി കരാറില്‍ ഒപ്പുവച്ചതെന്ന് മുനീര്‍ കുറ്റപ്പെടുത്തി. കരാറില്‍ ഒപ്പിടുന്നതിനുമുമ്പ് നിബന്ധനകളില്‍ മാറ്റം ആവശ്യപ്പെടാന്‍ സംസ്ഥാനത്തിന് അവസരമുണ്ടായിരുന്നെങ്കിലും മുന്‍ സര്‍ക്കാര്‍ അത് പ്രയോജനപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുറമേ പദ്ധതിയെ എതിര്‍ക്കുകയും അണിയറയില്‍ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്ത മുന്‍ സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണെന്നും മുനീര്‍ ആരോപിച്ചു.

മദ്യനികുതി ഇളവിലും കടുത്ത അതൃപ്തി

വീര്യം കുറഞ്ഞ മദ്യപാനീയങ്ങളുടെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിര്‍ദേശം യുഡിഎഫിന്റെ പ്രഖ്യാപിത മദ്യനയത്തില്‍നിന്നുള്ള വ്യതിചലനമാണെന്നാണ് ലീഗിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. മദ്യത്തിന്റെയും ലഹരിയുടെയും വ്യാപനം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍തന്നെ നികുതി ഇളവ് നല്‍കുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിമര്‍ശനം. ബജറ്റ് നിര്‍ദേശത്തിനെതിരെ പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍നിന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് നേതൃത്വം മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചത്.

കരിമണല്‍ ഖനനം; വിവാദത്തിലേക്ക് വ്യവസായ വകുപ്പിനെ വലിച്ചിഴയ്ക്കുന്നതില്‍ പ്രതിഷേധം

കരിമണല്‍ ഖനനത്തില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള ബജറ്റ് നിര്‍ദേശവും യുഡിഎഫിനുള്ളില്‍ തര്‍ക്കവിഷയമായി മാറിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോട് മുസ്ലിം ലീഗിന് തത്വത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ വിവാദത്തെ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. നിര്‍ദേശം പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുധീരന്റെ നിലപാട് സിപിഎമ്മുമായി ചേര്‍ന്നുള്ള സംയുക്ത പ്രക്ഷോഭത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയും യുഡിഎഫ് നേതൃത്വത്തിനുണ്ട്. 2003ല്‍ ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ സ്വകാര്യ കരിമണല്‍ ഖനനം അനുവദിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ വി.എം. സുധീരനും സിപിഎം നേതാവ് എം.എ. ബേബിയും ചേര്‍ന്നാണ് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം അവസാനിപ്പിക്കുമെന്ന് വി.ഡി. സതീശന്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കുന്ന പഴയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നതും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. പി.എം. ശ്രീ, മദ്യനികുതി ഇളവ്, കരിമണല്‍ ഖനനം എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന തുടര്‍നിലപാട് യുഡിഎഫിലെ ആഭ്യന്തരബന്ധങ്ങളില്‍ നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window