Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി എം.ബി. രാജേഷ്
reporter

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സംസ്ഥാന ബജറ്റ് നിര്‍ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് മുന്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. തീരുമാനത്തിന് പിന്നിലുള്ള താല്‍പര്യം എന്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരള സമൂഹത്തോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിലൂടെ സംസ്ഥാനത്ത് മദ്യം കൂടുതല്‍ സുലഭമാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് എം.ബി. രാജേഷ് പറഞ്ഞു. മദ്യത്തിനെതിരെ വലിയ പ്രസംഗങ്ങള്‍ നടത്തിയവരാണ് ഇപ്പോള്‍ മദ്യം വ്യാപകമാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ''സമൂഹത്തിന്റെ ചെലവില്‍ മദ്യം വ്യാപകമായി ഒഴുക്കി, സര്‍ക്കാരിന് വലിയ വരുമാനനഷ്ടം ഉണ്ടാക്കുന്ന രീതിയില്‍ ഈ നികുതി ഇളവ് നല്‍കിയതിന്റെ പിന്നിലെ താല്‍പര്യം എന്താണെന്ന് മുഖ്യമന്ത്രി കേരള സമൂഹത്തോട് മറുപടി പറയേണ്ടിവരും. എത്ര കിട്ടിയെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കണം,'' എം.ബി. രാജേഷ് പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിരസിച്ച നികുതി ഇളവാണ് യുഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ അനുവദിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ സര്‍ക്കാരിന്റെ മുന്‍ഗണന എന്താണെന്ന് വ്യക്തമായിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ നല്‍കാനില്ലെന്നും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലതും നടപ്പാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം സാഹചര്യത്തിലാണ് വലിയ വരുമാനനഷ്ടം ഉണ്ടാക്കുന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് വിമര്‍ശിച്ചു. ''വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചിലര്‍ കൈയടിച്ചു. ആ വിസ്മയം ഇതായിരുന്നു. മദ്യം ഒഴുക്കാനുള്ള വിസ്മയമാണ് ഇത്,'' എം.ബി. രാജേഷ് പരിഹസിച്ചു.

ഇന്ദിര ഗാരണ്ടിയായി പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കിയിട്ടില്ലെന്നും തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായതില്‍ നൂറുകണക്കിന് കോടി രൂപയുടെ കുറവുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്നത് വെറുതെയല്ലെന്നും ഇതിന് പിന്നില്‍ കൊടുക്കല്‍ വാങ്ങല്‍ നടന്നിട്ടുണ്ടെന്നുമാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മദ്യലോബി ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന ഗുരുതര ആരോപണവും എം.ബി. രാജേഷ് ഉന്നയിച്ചു. ''ഇത്രയും വലിയ വരുമാനനഷ്ടം സഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് എന്തിനാണ്? അതിന്റെ പിന്നില്‍ നടന്ന കൊടുക്കല്‍ വാങ്ങല്‍ എന്താണെന്ന് പുറത്തുവരിക തന്നെ ചെയ്യും. കര്‍ണാടക മദ്യലോബി ഇതിന്റെ പിന്നിലുണ്ട്,'' അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബജറ്റിലൂടെ വീര്യം കുറഞ്ഞ മദ്യങ്ങള്‍ക്ക് പ്രത്യേക നികുതി ഘടന കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തിനകത്ത് ഉല്‍പാദിപ്പിക്കുന്ന ഇത്തരം മദ്യങ്ങള്‍ക്ക് പ്രത്യേക നികുതി നിരക്കുകള്‍ നിശ്ചയിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ഇത് വരുമാനവും തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കുന്ന നടപടിയാണെന്നാണ് സര്‍ക്കാര്‍ വാദിക്കാനിടയുള്ളത്. എന്നാല്‍ മദ്യലഭ്യത വര്‍ധിപ്പിക്കുന്നതും യുവജനങ്ങള്‍ക്കിടയില്‍ ഉപയോഗം കൂടുന്നതും സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. ബജറ്റിലെ ഈ തീരുമാനം വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും നിയമസഭയിലെ ശക്തമായ വാദപ്രതിവാദങ്ങള്‍ക്കും വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window