Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ദേവതകളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ; 20 ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
reporter

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി. ദേവതകളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിജ്ഞ കേരള ഹൈക്കോടതി അസാധുവാക്കി. നാലാഴ്ചയ്ക്കകം നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കോര്‍പ്പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ്.പി. ദീപക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. കേരള മുനിസിപ്പാലിറ്റി നിയമം, 1994-ലെ സെക്ഷന്‍ 143-ഉം മൂന്നാം ഷെഡ്യൂളും അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍ ചുമതലയേല്‍ക്കുന്നതിനുമുമ്പ് 'ദൈവനാമത്തില്‍' സത്യപ്രതിജ്ഞ ചെയ്യുകയോ 'സഗൗരവം പ്രതിജ്ഞ ചെയ്യുന്നു' എന്ന രീതിയില്‍ ദൃഢപ്രതിജ്ഞ നടത്തുകയോ വേണം.

നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ വാചകത്തില്‍ മാറ്റം വരുത്തുന്നതിനോ സ്വന്തം ഇഷ്ടപ്രകാരം വ്യക്തികളുടെയോ പ്രത്യേക ദേവതകളുടെയോ രക്തസാക്ഷികളുടെയോ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ സഭാംഗങ്ങള്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമാനുസൃത മാതൃകയില്‍നിന്നുള്ള വ്യതിയാനം സത്യപ്രതിജ്ഞയെ അസാധുവാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ദേവതകളുടെയും ബലിദാനികളുടെയും പേരില്‍ പ്രതിജ്ഞ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചില ബിജെപി കൗണ്‍സിലര്‍മാര്‍ ശ്രീപത്മനാഭസ്വാമി, ഗുരുദേവന്‍, ഉദിയന്നൂര്‍ ദേവി, കാവിലമ്മ, അയ്യപ്പസ്വാമി, ഭാരതാംബ തുടങ്ങിയ പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിലര്‍ ബലിദാനികളെ പരാമര്‍ശിച്ചും സത്യപ്രതിജ്ഞ അവസാനിപ്പിച്ചു. ഇവയെല്ലാം നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകത്തില്‍നിന്നുള്ള വ്യതിയാനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വ്യക്തിപരമായ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഔദ്യോഗിക പദവി ഏറ്റെടുക്കുന്നതിനുള്ള സത്യപ്രതിജ്ഞ നിയമത്തില്‍ നിര്‍ദേശിച്ച രീതിയില്‍തന്നെ നടത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

അയോഗ്യരാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല

ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നും കൗണ്‍സില്‍ നടപടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കണമെന്നും എസ്.പി. ദീപക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാതെ അവരുടെ സത്യപ്രതിജ്ഞ അസാധുവാക്കുകയാണ് കോടതി ചെയ്തത്. നിയമാനുസൃതമായ രീതിയില്‍ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും നിര്‍ദേശിച്ചു. സത്യപ്രതിജ്ഞയില്‍ അസാധാരണമായ ഒന്നുമില്ലെന്നും വ്യക്തികളുടെ വിശ്വാസപ്രകാരമുള്ള പേരുകള്‍ ഉപയോഗിച്ചതില്‍ നിയമലംഘനമില്ലെന്നുമായിരുന്നു വിവാദം ഉയര്‍ന്നപ്പോള്‍ ബിജെപിയുടെ നിലപാട്. എന്നാല്‍ ഔദ്യോഗിക സത്യവാചകത്തില്‍ ഇല്ലാത്ത പേരുകള്‍ കൂട്ടിച്ചേര്‍ത്തുള്ള പ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window