Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും
reporter

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. കുടവട്ടൂര്‍ ലക്ഷ്മി കോട്ടേജില്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ഥിപ് (15), നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാര്‍ എന്നിവരാണ് മരിച്ചത്. ട്യൂട്ടോറിയല്‍ അധ്യാപകനായ ഹരിലാലും മകനെ ബസ് കയറ്റിവിടാനെത്തിയ അജയകുമാറും അപകടസമയത്ത് ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായിരുന്നു. റിഷബ് (15), കൗശിക് (15), നവനീത് കൃഷ്ണന്‍ (13), ജിബിമോള്‍ (15), ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ റിഷബ്, കൗശിക്, നിസാം എന്നിവരെ കൊല്ലം മെഡിസിറ്റിയിലേക്കു മാറ്റി. ഇവരില്‍ ഒരു വിദ്യാര്‍ഥി വെന്റിലേറ്ററിലാണ്. നവനീത് കൃഷ്ണനും ജിബിമോളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം. സ്‌കൂളിലേക്കു പോകുന്നതിനായി വിദ്യാര്‍ഥികളും മറ്റുള്ളവരും ബസ് കാത്തുനില്‍ക്കുന്നതിനിടെ മണ്ണുമായി എത്തിയ ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറുകയായിരുന്നു. സമീപത്തെ മതിലില്‍ ഇടിച്ച ലോറി മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന മണ്ണ് ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് വീണു. ബസ് സ്റ്റോപ്പിന്റെ ഭാഗങ്ങളും മതിലും തകര്‍ന്നുവീണതോടെ നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കും മണ്ണിനുമടിയില്‍ കുടുങ്ങി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടസമയത്ത് ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ഥികളടക്കം പതിനഞ്ചോളം പേര്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ലോറി വരുന്നത് കണ്ട് ചിലര്‍ ഓടിമാറിയതിനാലും ഏതാനും വിദ്യാര്‍ഥികള്‍ പുസ്തകം എടുക്കുന്നതിനായി മാറിനിന്നതിനാലുമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ടിപ്പര്‍ ലോറി അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, തൊറാസിക് സര്‍ജറി, ഡെന്റല്‍ വിഭാഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window