Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം: കാന്തപുരം
reporter

കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം മദ്യത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുമെന്നും പൂര്‍ണ മദ്യനിരോധനത്തിലൂടെയേ നാട്ടില്‍ സമാധാനം ഉറപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് 'കുരങ്ങന് ഏണി വെച്ചുകൊടുക്കുന്നതുപോലെ' ആകുമെന്ന് കാന്തപുരം വിമര്‍ശിച്ചു. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിക്കാന്‍ തീരുമാനം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഒരു ഭാഗത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മറുഭാഗത്ത് മദ്യത്തിന് നികുതിയിളവ് നല്‍കുകയും ചെയ്യുന്നത് പരസ്പരവിരുദ്ധമാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതിഘടന ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മദ്യവിരുദ്ധ നിലപാടിന് വിരുദ്ധമാണെന്ന് കാന്തപുരം വിഭാഗം നേരത്തേ വിമര്‍ശിച്ചിരുന്നു. വാഗ്ദാനങ്ങളോട് നീതി പുലര്‍ത്തണമെന്നും നികുതിയിളവ് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, നികുതിയിളവ് നിര്‍ദേശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും പരസ്യമായി രംഗത്തെത്തി. ബജറ്റില്‍ നിര്‍ദേശം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയിലും യുഡിഎഫിലും വിശദമായ ചര്‍ച്ച നടത്തേണ്ടതായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. നേരത്തേ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദവും പൊതുസമൂഹത്തില്‍ ഉയര്‍ന്ന ആശങ്കയും ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുകയും ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുകയുമാണ് യുഡിഎഫിന്റെ പ്രഖ്യാപിത നയമെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായും സാമൂഹിക-മത സംഘടനകളുമായും സര്‍ക്കാര്‍ കൂടിയാലോചന നടത്തണം. അവരുടെ ആശങ്കകളും വികാരങ്ങളും ഉള്‍ക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ നയം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫില്‍ ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് നിയമസഭയില്‍ത്തന്നെ വ്യക്തമായി പ്രഖ്യാപിക്കാമായിരുന്നുവെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കുന്ന ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുമ്പോള്‍ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കരുതെന്നും ഭരണനടപടികളില്‍ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ ജനപിന്തുണയോടെ അധികാരത്തിലെത്തിയ സര്‍ക്കാരാണിത്. അതിനാല്‍ ഓരോ തീരുമാനവും പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചചെയ്തും പൊതുസമൂഹത്തിന്റെ ആശങ്കകള്‍ പരിഗണിച്ചും മാത്രമേ നടപ്പാക്കാവൂവെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window