തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും മുന്‍ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക ബാധ്യതകളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി-ധനമന്ത്രി വി.ഡി. സതീശന്‍ 2026-27 വര്‍ഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. വരുമാന പ്രതീക്ഷകളില്‍ വന്‍ കുറവും കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങളിലൂടെ രൂപപ്പെട്ട അധിക ബാധ്യതകളും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ബജറ്റ് ആമുഖത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ നിലവിലെ നികുതി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുക, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പാക്കുക എന്നിവയാണ് ബജറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങളുടെ തൊഴിലില്ലായ്മയും വയോജനങ്ങളുടെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും കേരളം നേരിടുന്ന പ്രധാന സാമൂഹിക-സാമ്പത്തിക വെല്ലുവിളികളാണെന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നു.
മിഷന്‍ സമുദ്ര പ്രധാന പ്രഖ്യാപനം
കേരളത്തെ റോഡ്, തുറമുഖം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, വ്യവസായ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് നഗരങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചുള്ള തുറമുഖ അധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'മിഷന്‍ സമുദ്ര' പദ്ധതി പ്രഖ്യാപിച്ചു. ഇതിന് ?400 കോടി വകയിരുത്തി. തീരദേശ മേഖലയുടെ വികസനം ഉറപ്പാക്കുന്നതിനൊപ്പം തുറമുഖ വികസനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ തീരദേശ ജനതയ്ക്ക് മുന്‍ഗണന നല്‍കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുള്ള സതേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബ്, നിക്ഷേപകര്‍ക്ക് ഭൂമി, അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ നല്‍കുന്ന ഇന്‍വെസ്റ്റ് കേരള സെല്‍ എന്നിവയും പ്രധാന അടിസ്ഥാന സൗകര്യ പ്രഖ്യാപനങ്ങളാണ്.
എം.എസ്.എം.ഇ, വ്യവസായം, പ്രവാസി നിക്ഷേപം
കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്‌കീം വഴി സംസ്ഥാനത്ത് 10,000 പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും. റിവോള്‍വിംഗ് ഫണ്ടും ടെക്‌നോ-മെന്റര്‍മാരുടെയും മാനേജ്‌മെന്റ് മെന്റര്‍മാരുടെയും സഹായവും ലഭ്യമാക്കും. പ്രവാസി പണം വെറും remittance economy ആയി മാത്രം തുടരാതെ investment economy ആക്കുന്നതിനായി പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ്, തൃശൂര്‍-കൊച്ചി മേഖലകളുമായി ബന്ധിപ്പിച്ചുള്ള സ്വര്‍ണ്ണ വിനിമയ-ആഭരണ നിര്‍മ്മാണ കേന്ദ്രം, പ്രത്യേക നിക്ഷേപ മേഖലകള്‍, ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമി വികസനത്തിനായി ലാന്‍ഡ് മാനേജ്‌മെന്റ് നയം എന്നിവയും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ വിഹിതമുണ്ട്.
കൃഷി, റബര്‍, ക്ഷീര-തീരദേശ മേഖലകള്‍ക്ക് ഊന്നല്‍
റബറിന്റെ താങ്ങുവില ?200ല്‍ നിന്ന് ?250 ആക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം കര്‍ഷകര്‍ക്കുള്ള പ്രധാന ആശ്വാസമായി. മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലിന്റെ പ്രതിദിന ഉല്‍പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന പദ്ധതികള്‍ നടപ്പാക്കും. വനിതാ കര്‍ഷകര്‍ക്കായി 'കൃഷി സഖി' പദ്ധതി കൊണ്ടുവരും.
മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് സബ് പ്ലാന്‍, മണ്ണെണ്ണ സബ്സിഡി വര്‍ധന, അപകട ഇന്‍ഷുറന്‍സ് പുതുക്കല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്‌ക്യൂ ബോട്ടുകള്‍, മത്സ്യ വിപണനത്തിനായി വനിതകള്‍ക്ക് 'ഷീ സ്‌കൂട്ടറുകള്‍' എന്നിവയും പ്രഖ്യാപിച്ചു. തീരദേശവാസികള്‍ക്ക് പട്ടയം ലഭ്യമാക്കാനും മുതലപ്പൊഴി ഹാര്‍ബറിലെ അപാകതകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
വിദ്യാഭ്യാസം, തൊഴില്‍, യുവജനക്ഷേമം
കേരളത്തെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാക്കാന്‍ 'കേരള നോളജ് വാലി' പദ്ധതി പ്രഖ്യാപിച്ചു. വിദേശത്തെ പ്രമുഖ സര്‍വകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യം. വയനാട്ടില്‍ ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത വിജ്ഞാനവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുന്ന ട്രൈബല്‍ സര്‍വകലാശാല സ്ഥാപിക്കും. മാറുന്ന ആഗോള തൊഴില്‍ വിപണിയെ നിരീക്ഷിച്ച് യുവജനങ്ങളെ സജ്ജരാക്കാന്‍ ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ രൂപീകരിക്കും. ബിരുദധാരികള്‍ക്ക് തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ബ്രിഡ്ജ് പ്രോഗ്രാമുകള്‍ ആരംഭിക്കും. റാഗിങ് തടയാന്‍ 'സിദ്ധാര്‍ത്ഥന്‍ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്'യും 'സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട്'യും നടപ്പാക്കും.
ആരോഗ്യ മേഖലക്ക് വലിയ വിഹിതം
എല്ലാ കുടുംബങ്ങള്‍ക്കും ?25 ലക്ഷം വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി വഴി ആരോഗ്യ സേവനങ്ങള്‍, ഗവേഷണം, പരിശീലനം, diagnostic സൗകര്യങ്ങള്‍, rehabilitation സംവിധാനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ പ്രധാന മെഡിക്കല്‍ ഡെസ്റ്റിനേഷനാക്കുകയാണ് ലക്ഷ്യം. കാസര്‍ഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കുകയും ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുകയും ചെയ്യും. ആദിവാസി മേഖലകളില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും ആരംഭിക്കും. അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള മരുന്ന് സഹായം, ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ്, ഗ്ലൂക്കോസ് മോണിറ്ററിംഗ് സെന്‍സറുകള്‍, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീര്‍പ്പാക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
വയോജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക പദ്ധതികള്‍
കേരളത്തിന്റെ ജനസംഖ്യാ ഘടന മാറുന്ന സാഹചര്യത്തില്‍ വയോജനങ്ങളെ കേന്ദ്രീകരിച്ച് 'സില്‍വര്‍ ഇക്കോണമി' വികസിപ്പിക്കും. കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും. സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയര്‍, കൈത്തറി മേഖലകള്‍ക്ക് വരുമാന പിന്തുണ പദ്ധതി നടപ്പാക്കും. ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു.
ടൂറിസം, സിനിമ, സാംസ്‌കാരിക പദ്ധതികള്‍
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാനും തോട്ടം മേഖലകളില്‍ വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചു. തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട്, അന്തര്‍ദേശീയ മാരിടൈം മ്യൂസിയം, കൊച്ചിയില്‍ ജെ.സി. ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി, പാചകകലാ ഇന്‍സ്റ്റിറ്റ്യൂട്ട്, 'ബ്രാന്‍ഡ് കേരളം' പദ്ധതി എന്നിവ ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ്. എം.ടി. വാസുദേവന്‍ നായര്‍, ജോണ്‍സണ്‍ മാസ്റ്റര്‍, ഉമ്പായി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ശ്രീനാരായണ ഗുരു, സലിംകുമാര്‍, ആര്‍. ശങ്കര്‍, പനമ്പള്ളി ഗോവിന്ദ മേനോന്‍ എന്നിവരുടെ പേരിലുള്ള സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും പ്രഖ്യാപിച്ചു.
സുരക്ഷ, പരിസ്ഥിതി, ദുരന്തപ്രതിരോധം
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ 'മകള്‍ക്കൊപ്പം' പദ്ധതി നടപ്പാക്കും. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി എല്ലാ എക്സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭ്യമാക്കുകയും 'ഓപ്പറേഷന്‍ തൂഫാന്‍' വ്യാപിപ്പിക്കുകയും ചെയ്യും. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും ശാസ്ത്രീയ ദുരന്തനിവാരണ സംവിധാനം ശക്തിപ്പെടുത്താനും കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍ സ്ഥാപിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. 2050ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കുമെന്നും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബായി വികസിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.
ക്ഷേമം, പട്ടികജാതി-പട്ടികവര്‍ഗ്ഗം, ജീവനക്കാര്‍
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള വിഹിതം വര്‍ധിപ്പിച്ചു. ഇവര്‍ക്കായി വകയിരുത്തുന്ന തുക സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കും. പുതിയ ഭവന നിര്‍മ്മാണ പദ്ധതിയും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റും നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ/ഡി.ആര്‍ മുടക്കം കൂടാതെ നല്‍കുമെന്നും മെഡിസെപ് പരിഷ്‌കരിക്കുമെന്നും അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയിലെ അവ്യക്തത പരിശോധിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയര്‍ത്തി.
പ്രാദേശിക വികസന പാക്കേജുകള്‍
ഉരുള്‍പൊട്ടലില്‍ നാശം സംഭവിച്ച വിലങ്ങാടിന്റെ പുനര്‍നിര്‍മാണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വയനാട്, കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ക്കായുള്ള പ്രത്യേക വികസന പാക്കേജുകള്‍ ഊര്‍ജിതമായി നടപ്പാക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തിലും അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ ആകര്‍ഷണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ ശക്തിപ്പെടുത്തല്‍, സാമൂഹിക സുരക്ഷ, തീരദേശ-കാര്‍ഷിക മേഖലകളുടെ സംരക്ഷണം എന്നിവ സംയോജിപ്പിച്ചുള്ള വികസനരേഖയാണ് ഈ പുതുക്കിയ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.