Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കവര്‍ന്നത് 186 ജീവന്‍; ജൂണിലെ 20 ദിവസത്തിനിടെ 48 മരണം
reporter

കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍ 20 വരെ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 186 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ കണക്കുകള്‍. ജൂണിലെ ആദ്യ 20 ദിവസത്തിനിടെ മാത്രം 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മേയില്‍ 55 പേര്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചിരുന്നു. കാലവര്‍ഷം ശക്തമായതോടെ ഷിഗെല്ല, ഇന്‍ഫ്‌ലുവന്‍സ, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരും മാസങ്ങള്‍ നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗവ്യാപനം തടയാന്‍ ശുചീകരണം, സുരക്ഷിത കുടിവെള്ള വിതരണം, മാലിന്യസംസ്‌കരണം എന്നിവ ശക്തിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രാഥമികമാണെന്നും ലാബ് പരിശോധനകള്‍ക്കും മരണ ഓഡിറ്റിനും ശേഷം രോഗബാധയുടെയും മരണത്തിന്റെയും കണക്കുകളില്‍ മാറ്റമുണ്ടാകാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.



അമീബിക് മസ്തിഷ്‌കജ്വരം മുന്നില്‍

ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് അമീബിക് മസ്തിഷ്‌കജ്വരം മൂലമാണ്. ഇതുവരെ 34 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഹെപ്പറ്റൈറ്റിസ് എ അഥവാ മഞ്ഞപ്പിത്തം മൂലം 27 പേരും എലിപ്പനി മൂലം 24 പേരും മരിച്ചതായാണ് കണക്ക്. ഷിഗെല്ല ബാധിച്ചുള്ള മരണങ്ങളിലും ഈ വര്‍ഷം വര്‍ധനയുണ്ടായി. ജൂണ്‍ 21 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ആറു പേരാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗെല്ല പ്രധാനമായും പകരുന്നത്. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയും രോഗവ്യാപനമുണ്ടാകാം. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

ജൂലൈയില്‍ രോഗബാധ ഉയര്‍ന്നേക്കും

എല്ലാ വര്‍ഷവും കാലവര്‍ഷകാലത്ത് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ എണ്ണം വര്‍ധിക്കാറുണ്ടെന്ന് കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അസോസിയേറ്റ് പ്രഫസര്‍ ഡോ. അനീഷ് ടി.എസ്. പറഞ്ഞു. ജൂലൈയില്‍ രോഗബാധിതരുടെ എണ്ണം കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ട്. രോഗവ്യാപനത്തിന്റെ തോത് മഴയുടെ രീതിയുമായി അടുത്ത ബന്ധമുള്ളതാണ്. ഓഗസ്റ്റില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ സെപ്റ്റംബറിലും കേസുകള്‍ വര്‍ധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരുടെ എണ്ണം ഉയരുന്നതിന് ആനുപാതികമായി മരണസാധ്യതയും വര്‍ധിക്കും. അതിനാല്‍ രോഗം ബാധിച്ചശേഷമുള്ള ചികിത്സയ്‌ക്കൊപ്പം രോഗവ്യാപനം തടയുന്നതിനാണ് പ്രധാന പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നത് ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അധികഭാരം സൃഷ്ടിക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രത്യേക പ്രതിരോധ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും ഡോ. അനീഷ് അഭിപ്രായപ്പെട്ടു.

മഴയും ശുചിത്വക്കുറവും പ്രധാന ഘടകങ്ങള്‍

കാലവര്‍ഷം, അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം, മലിനജല നിര്‍മാര്‍ജനത്തിലെ അപാകതകള്‍, കുടിവെള്ള സ്രോതസ്സുകളിലെ മലിനീകരണം എന്നിവയാണ് രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കാലവര്‍ഷക്കാലത്തെ മരണങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ സാമൂഹിക കാരണങ്ങളും ഉണ്ടായിരുന്നു. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ഇത്തരം ഘടകങ്ങളുടെ സ്വാധീനം കുറഞ്ഞു. ഇപ്പോള്‍ കാലവര്‍ഷക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പകര്‍ച്ചവ്യാധികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഫ്‌ലുവന്‍സ, ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളുടെ വ്യാപനം തടയാന്‍ പ്രാദേശികതലത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും മാലിന്യ-മലിനജല സംസ്‌കരണവും ശക്തിപ്പെടുത്തണം. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമായതും മുമ്പ് തിരിച്ചറിയപ്പെടാതെ പോയേക്കാവുന്ന മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും ഡോ. രാജീവ് പറഞ്ഞു.

പ്രതിരോധത്തിന് മുന്‍ഗണന നല്‍കണം

വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങള്‍ നശിപ്പിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ശുചിയായി സൂക്ഷിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മലിനമായ വെള്ളത്തില്‍ ഇറങ്ങുന്നവരും ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനിക്കെതിരായ പ്രതിരോധമരുന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. പനി, ശക്തമായ ശരീരവേദന, കണ്ണില്‍ ചുവപ്പ്, മഞ്ഞപ്പിത്തം, തുടര്‍ച്ചയായ വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ ആശുപത്രിയെ സമീപിക്കണം. രോഗവ്യാപനം രൂക്ഷമായശേഷം നടപടികള്‍ സ്വീകരിക്കുന്നതിനു പകരം മുന്‍കൂട്ടിയുള്ള നിരീക്ഷണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. തദ്ദേശസ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, പൊതുജനങ്ങള്‍ എന്നിവരുടെ ഏകോപിതമായ ഇടപെടല്‍ മാത്രമേ കാലവര്‍ഷക്കാലത്തെ പകര്‍ച്ചവ്യാധികളും മരണങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കുകയുള്ളൂ.

 
Other News in this category

 
 




 
Close Window