Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്
reporter

കണ്ണൂര്‍: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകളില്‍ മാറ്റം വന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം. കല്ലറയില്‍ 2006ലും 2015ലും മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇതില്‍ 2015ല്‍ സംസ്‌കരിച്ച മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹമാണ് അന്ന് പായയില്‍ പൊതിഞ്ഞ് സംസ്‌കരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍ ഈ മാസം 13ന് ഇടവകാംഗത്തിന്റെ സംസ്‌കാരത്തിനായി കല്ലറ തുറന്നപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. നേരത്തെ അടക്കിയ മൃതദേഹാവശിഷ്ടത്തിനൊപ്പമാണ് മറ്റൊരു മൃതദേഹാവശിഷ്ടം പോലുള്ള കെട്ട് കണ്ടത്. ഇതോടെ പള്ളി ഭാരവാഹികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ക്രിസ്തീയ ആചാരപ്രകാരം സാധാരണയായി പായയില്‍ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ലാത്തതിനാല്‍ സംശയം തോന്നിയതാണെന്നും ദുരൂഹത നീക്കാനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പള്ളി വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് ആശങ്ക ഉയര്‍ന്നിരുന്നു. പ്രദേശവാസിയായ ജില്‍സ് ഉണ്ണിമാക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം കൂടുതല്‍ ശ്രദ്ധ നേടിയത്. തുടര്‍ന്ന് പള്ളിയിലെ മരണ രജിസ്റ്ററുകളും കല്ലറ രേഖകളും പൊലീസ് പരിശോധിച്ചു. രേഖകളും ഫോട്ടോഗ്രാഫുകളും പരിശോധിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. സെമിത്തേരി നവീകരണവുമായി ബന്ധപ്പെട്ട് കല്ലറ നമ്പറുകളില്‍ ഉണ്ടായ മാറ്റമാണ് സംശയത്തിന് വഴിവെച്ചതെന്നും പൊലീസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window