ആലപ്പുഴ: മദ്യനയം, ധാതുമണല്‍ ഖനനം തുടങ്ങിയ സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ വിഷയങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ വിശദമായ കൂടിയാലോചനകള്‍ നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഈ വിഷയങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയപരമായ കാര്യങ്ങള്‍ ആവശ്യമായ സമയത്ത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ച് ആര്‍ക്കെങ്കിലും പരാതിയോ ആശങ്കയോ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി തലത്തില്‍ പരിശോധിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് അധികകാലമായിട്ടില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനം പൊതുവെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും വേണുഗോപാല്‍ വിലയിരുത്തി. ''മദ്യനയത്തിലും ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അവ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന നയപരമായ തീരുമാനങ്ങളെല്ലാം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും,'' അദ്ദേഹം വ്യക്തമാക്കി.
ബജറ്റില്‍ ജനങ്ങള്‍ കാത്തിരുന്ന പ്രഖ്യാപനങ്ങള്‍
സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ ഏറെക്കാലമായി കാത്തിരുന്ന നിരവധി നല്ല പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഒട്ടേറെ ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ചില തീരുമാനങ്ങളെക്കുറിച്ച് ആശങ്ക ഉയരുന്നത് സ്വാഭാവികമാണെന്നും അവ പരിഹരിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഓരോ തീരുമാനവും ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പാക്കണം. നല്ല ഉദ്ദേശ്യത്തോടെ സ്വീകരിക്കുന്ന നടപടിയായാലും അതിന്റെ സാമൂഹികവും പരിസ്ഥിതിപരവുമായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
കരിമണല്‍ ഖനനത്തില്‍ ദേശീയ നിലപാട്
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ വ്യക്തമായ നിലപാടുണ്ടെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അംഗീകരിച്ച നയമുണ്ട്. അതിന്റെ പരിധിക്കുള്ളില്‍നിന്നു മാത്രമേ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളിലും നയപരിഷ്‌കാരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തണം. തീരദേശവാസികളുടെ ഉപജീവനം, പരിസ്ഥിതി സുരക്ഷ, പ്രദേശത്തിന്റെ സാമൂഹിക സാഹചര്യം എന്നിവ കണക്കിലെടുത്തശേഷം മാത്രമേ തീരുമാനങ്ങള്‍ നടപ്പാക്കാവൂ. സര്‍ക്കാര്‍ നല്ല ലക്ഷ്യത്തോടെ മുന്നോട്ടുവയ്ക്കുന്ന പദ്ധതികളാണെങ്കിലും അവ ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പാക്കേണ്ട ബാധ്യതയുണ്ട്. പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉയര്‍ത്താനുള്ള ആശങ്കകള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.