Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെ ഐഎന്‍ടിയുസി സമ്മേളനം അവസാനിച്ചു
reporter

തിരുവനന്തപുരം: ഐഎന്‍ടിയുസി സംസ്ഥാനതല സമ്മേളനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഔപചാരിക ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെ പരിപാടി അവസാനിപ്പിച്ചു. തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'പുതുയുഗ പ്രതീക്ഷകള്‍, തൊഴിലാളി തരംഗം' സമ്മേളനമാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവസാനിപ്പിച്ചത്. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗവും പ്രതീക്ഷിച്ചതിലും നീണ്ടുപോയതിനാലാണ് സമ്മേളനത്തിന് എത്താന്‍ കഴിയാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം.

അതേസമയം, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പ്രതിയായ സിബിഐ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെ അദ്ദേഹവുമായി വേദി പങ്കിടുന്നത് രാഷ്ട്രീയമായി ദോഷകരമാകുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി വിട്ടുനിന്നതെന്ന പ്രചാരണവും ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

സംഗീതപരിപാടിയോടെ തുടക്കം

രാവിലെ 10.15ന് കാവാലം ശ്രീകുമാറിന്റെ സംഗീതപരിപാടിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. 11.35ഓടെ ഐഎന്‍ടിയുസി നേതാക്കള്‍ വേദിയിലെത്തി. മുഖ്യമന്ത്രി ഉടന്‍ എത്തിച്ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ സദസ്സിനെ അറിയിച്ചു. മുഖ്യമന്ത്രിയെയും ആര്‍. ചന്ദ്രശേഖരനെയും വേദിയിലേക്ക് ആനയിക്കുന്നതിനായി സദസ്സിന്റെ പിന്നില്‍നിന്ന് വേദിവരെ പ്രത്യേക ചുവന്ന പരവതാനിയും സംഘാടകര്‍ ഒരുക്കിയിരുന്നു. ഇരുവരും മാത്രമായിരിക്കും പരവതാനിയിലൂടെ വേദിയിലേക്കെത്തുകയെന്നും മറ്റാരും ഒപ്പം ചേരരുതെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു.

പ്രതിനിധികള്‍ സദസ്സ് വിട്ടുതുടങ്ങി

സമയം നീണ്ടിട്ടും മുഖ്യമന്ത്രി എത്താത്തതോടെ സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ സദസ്സ് വിട്ടുതുടങ്ങി. ആളുകളെ പിടിച്ചുനിര്‍ത്തുന്നതിനായി വിവിധ ജില്ലാ പ്രസിഡന്റുമാരെ ഓരോരുത്തരായി വേദിയിലേക്ക് ക്ഷണിച്ച് പ്രസംഗിപ്പിച്ചു. മുഖ്യമന്ത്രി ഉടന്‍ എത്തുമെന്ന സന്ദേശം അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്നതിനാല്‍ സ്ഥിതിഗതികള്‍ നേരിട്ട് അന്വേഷിക്കാന്‍ ഒരു പ്രതിനിധിയെ സംഘാടകര്‍ നിയമസഭയിലേക്കും അയച്ചു.

രണ്ടുമണിയോടെ അന്തിമസന്ദേശം

ബജറ്റ് ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഘാടകര്‍ക്ക് അന്തിമസന്ദേശം ലഭിച്ചു. ഇതോടെ ഉദ്ഘാടനം നടത്താതെ സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി എത്തുമെന്ന് പ്രതീക്ഷിച്ച് മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്യാനോ അധ്യക്ഷപ്രസംഗം നടത്താനോ സാധിക്കാതിരുന്നത് ഐഎന്‍ടിയുസി നേതൃത്വത്തിന് വലിയ നിരാശയായി. സംഭവം കോണ്‍ഗ്രസിനുള്ളിലും രാഷ്ട്രീയരംഗത്തും ചര്‍ച്ചയായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window