ന്യൂഡല്‍ഹി: വിദേശസംഭാവന ഉപയോഗിച്ചുള്ള മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി വിലക്കി കേന്ദ്രസര്‍ക്കാര്‍ എഫ്സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. വിദേശസംഭാവന സ്വീകരിക്കുന്ന സന്നദ്ധസംഘടനകളുടെ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തനമേഖല, ഫണ്ട് വിനിയോഗം, റിപ്പോര്‍ട്ടിങ് എന്നിവയില്‍ കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതപരമായ ലക്ഷ്യങ്ങളോടെ എഫ്സിആര്‍എ രജിസ്‌ട്രേഷന് അര്‍ഹമായ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക പട്ടികയും ചട്ടഭേദഗതിയില്‍ ഉള്‍പ്പെടുത്തി. മതവിദ്യാഭ്യാസം, ധാര്‍മികബോധവത്കരണം, സത്സംഗങ്ങള്‍, മതപ്രഭാഷണങ്ങള്‍, ധ്യാനക്യാമ്പുകള്‍, ഭക്തിഗാന-കലാപരിപാടികള്‍ തുടങ്ങിയവ നടത്താമെങ്കിലും മതപരിവര്‍ത്തനമോ അതിനായുള്ള പ്രചാരണമോ പാടില്ലെന്ന് ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. ആരാധനാലയങ്ങളുടെ നിര്‍മാണവും നവീകരണവും, മതഗ്രന്ഥങ്ങളുടെ സംരക്ഷണം, പരിഭാഷയും ഡിജിറ്റൈസേഷനും, തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ളം, ശുചിമുറി, താമസസൗകര്യം, അന്നദാനം, സമൂഹ അടുക്കളകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മതപരമായ ലക്ഷ്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശ പൗരന്‍ പ്രധാന ഭാരവാഹിയെങ്കില്‍ നിയന്ത്രണം
ഇന്ത്യന്‍ വംശജനല്ലാത്ത വിദേശ പൗരന്‍ സംഘടനയുടെ പ്രധാന ഭാരവാഹിയോ നിര്‍ണായക ചുമതലക്കാരനോ ആണെങ്കില്‍ അത്തരം സംഘടനകള്‍ക്ക് എഫ്സിആര്‍എ രജിസ്‌ട്രേഷനോ വിദേശസംഭാവന സ്വീകരിക്കാനുള്ള മുന്‍കൂര്‍ അനുമതിയോ സാധാരണയായി അനുവദിക്കില്ല. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ വിദേശ പൗരന്മാരെ പ്രധാന ഭാരവാഹികളായി അനുവദിക്കാവുന്ന സംഘടനകളെയോ വിഭാഗങ്ങളെയോ പ്രത്യേക ഉത്തരവിലൂടെ നിര്‍വചിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടാകും. ഡയറക്ടര്‍മാര്‍, പങ്കാളികള്‍, ട്രസ്റ്റിമാര്‍, ഓഫിസ് ഭാരവാഹികള്‍, സംഘടനയുടെ നടത്തിപ്പിലും നിയന്ത്രണത്തിലും ഉത്തരവാദിത്വമുള്ളവര്‍ എന്നിവരെയെല്ലാം 'പ്രധാന ചുമതലക്കാര്‍' എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.
ലക്ഷ്യവും പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളും വ്യക്തമാക്കണം
എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സംഘടനയുടെ കൃത്യമായ പ്രവര്‍ത്തനലക്ഷ്യവും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പേരുകളും രേഖപ്പെടുത്തണം. 2026-നു മുമ്പ് രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് തുടരാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളും പ്രവര്‍ത്തനമേഖലകളായ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷയില്‍ അനുവദിച്ചതിനു പുറമേ പുതിയൊരു ലക്ഷ്യമോ പ്രവര്‍ത്തന സംസ്ഥാനമോ കൂട്ടിച്ചേര്‍ക്കുന്നതിന് ഓരോന്നിനും 300 രൂപ വീതം അധിക ഫീസ് നല്‍കണം. രജിസ്‌ട്രേഷനും പുതുക്കലിനുമുള്ള അപേക്ഷയില്‍ സംഘടനകളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും നല്‍കേണ്ടിവരും.
രണ്ടുവര്‍ഷത്തിനിടെ കുറഞ്ഞത് ?10 ലക്ഷം ചെലവഴിക്കണം
പ്രവര്‍ത്തനരഹിതമായ സംഘടനകള്‍ എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തുന്നത് തടയുന്നതിനായി കുറഞ്ഞ ഫണ്ട് വിനിയോഗ മാനദണ്ഡവും ഏര്‍പ്പെടുത്തി. തെരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ രണ്ട് സാമ്പത്തികവര്‍ഷങ്ങളില്‍ വിദേശസംഭാവനയില്‍നിന്ന് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിനിയോഗിച്ചിരിക്കണം. സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായി ഇത് പരിഗണിക്കും. രജിസ്‌ട്രേഷന്‍ പുതുക്കുമ്പോഴും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴും ഈ വിനിയോഗ മാനദണ്ഡം ബാധകമാകും.
ആദ്യ ഗഡുവിന്റെ 75 ശതമാനം വിനിയോഗിച്ചാലേ അടുത്ത ഗഡു
ഒരു പ്രത്യേക പദ്ധതിക്കോ ആവശ്യത്തിനോ മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനകള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാണ്. ആദ്യ ഗഡുവായി ലഭിച്ച തുകയുടെ കുറഞ്ഞത് 75 ശതമാനം വിനിയോഗിച്ചശേഷമേ രണ്ടാം ഗഡുവോ തുടര്‍ന്നുള്ള ഗഡുക്കളോ സ്വീകരിക്കാന്‍ അനുമതി ലഭിക്കൂ. പണം അംഗീകരിച്ച ആവശ്യത്തിനുതന്നെ വിനിയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഫീല്‍ഡ് അന്വേഷണം നടത്താനും കഴിയും.
വാര്‍ഷിക റിട്ടേണിനൊപ്പം പ്രവര്‍ത്തന റിപ്പോര്‍ട്ടും
സാമ്പത്തിക കണക്കുകള്‍ മാത്രം സമര്‍പ്പിക്കുന്നതിനു പകരം വിദേശസംഭാവന ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ടും വാര്‍ഷിക റിട്ടേണിനൊപ്പം നല്‍കണം. പദ്ധതികളുടെ സ്വഭാവം, പ്രവര്‍ത്തിച്ച പ്രദേശങ്ങള്‍, ഗുണഭോക്താക്കള്‍, ചെലവഴിച്ച തുക, കൈവരിച്ച ഫലങ്ങള്‍ എന്നിവ വ്യക്തമാക്കേണ്ടിവരും. രജിസ്‌ട്രേഷനില്‍ അനുവദിച്ച ലക്ഷ്യങ്ങള്‍ക്കും ഭൂമിശാസ്ത്രപരമായ പരിധിക്കും അനുസരിച്ചാണോ ഫണ്ട് വിനിയോഗിച്ചതെന്നും സര്‍ക്കാര്‍ പരിശോധിക്കും. വിദേശസംഭാവനയുടെ വിനിയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണ് ചട്ടഭേദഗതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.