Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലൂക്കോസൈറ്റ് ഫില്‍ട്ടര്‍ സെറ്റുകള്‍ക്ക് ക്ഷാമം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ തലാസീമിയ രോഗികള്‍ പ്രതിസന്ധിയില്‍
reporter

കോഴിക്കോട് ന്മ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തലാസീമിയ രോഗികളുടെ പതിവ് രക്തമാറ്റ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലൂക്കോസൈറ്റ് ഫില്‍ട്ടര്‍ സെറ്റുകളുടെ സ്റ്റോക്ക് തീര്‍ന്നത് രോഗികളെയും കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കി. തിങ്കളാഴ്ച രക്തം കയറ്റുന്നതിനായി ആശുപത്രിയിലെത്തിയ നിരവധി രോഗികള്‍ക്ക് ഫില്‍ട്ടര്‍ സെറ്റ് ലഭിക്കാത്തതിനാല്‍ പുറത്തുനിന്നുള്ള ഫാര്‍മസികളില്‍നിന്ന് ഉയര്‍ന്ന വില നല്‍കി വാങ്ങേണ്ടിവന്നതായി ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി പറഞ്ഞു. രക്തഘടകങ്ങളിലുള്ള ദാതാവിന്റെ വെളുത്ത രക്താണുക്കളുടെ അളവ് കുറയ്ക്കുന്നതിനാണ് ലൂക്കോസൈറ്റ് ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നത്. പതിവായി രക്തം സ്വീകരിക്കുന്ന തലാസീമിയ രോഗികളില്‍ പനി ഉള്‍പ്പെടെയുള്ള ട്രാന്‍സ്ഫ്യൂഷന്‍ പ്രതികരണങ്ങളുടെയും മറ്റ് സങ്കീര്‍ണതകളുടെയും സാധ്യത കുറയ്ക്കുന്നതില്‍ ഇവ പ്രധാനമാണ്.

ഒരു ഫില്‍ട്ടര്‍ സെറ്റിന് ഏകദേശം 1,200 രൂപ ചെലവാകുന്നതായാണ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്. പലപ്പോഴും ഇവ പ്രാദേശികമായി ലഭ്യമല്ലാത്തതിനാല്‍ എറണാകുളത്തുനിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തിക്കേണ്ടിവരുന്നതായും സാധാരണ കുടുംബങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതായും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.



ടെന്‍ഡര്‍ വൈകുന്നത് ആവര്‍ത്തിക്കുന്ന പ്രതിസന്ധിയെന്ന് ആരോപണം

ടെന്‍ഡര്‍ നടപടികളിലെ കാലതാമസം കാരണം ഫില്‍ട്ടര്‍ സെറ്റുകളുടെയും തലാസീമിയ രോഗികള്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകളുടെയും വിതരണം മുന്‍പും മുടങ്ങിയിട്ടുണ്ടെന്ന് കൗണ്‍സില്‍ ആരോപിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പ്രാദേശികമായി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനത്തിലൂടെയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ താല്‍ക്കാലികമായി പ്രതിസന്ധി പരിഹരിച്ചിരുന്നത്. എന്നാല്‍ അടിയന്തരമായി വാങ്ങിവച്ചിരുന്ന ഫില്‍ട്ടര്‍ സെറ്റുകളുടെ സ്റ്റോക്കും ഇപ്പോള്‍ തീര്‍ന്നതോടെയാണ് രോഗികള്‍ പുറത്തുനിന്ന് പണം നല്‍കി വാങ്ങേണ്ടിവന്നതെന്ന് കരീം കാരശ്ശേരി പറഞ്ഞു.

കണ്ണൂര്‍, വയനാട്, കാസര്‍കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ ജില്ലകളില്‍നിന്നുള്ള തലാസീമിയ രോഗികള്‍ പതിവ് രക്തമാറ്റ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫില്‍ട്ടര്‍ സെറ്റുകളുടെ ക്ഷാമം ദീര്‍ഘകാല ചികിത്സയെ സാരമായി ബാധിക്കുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫില്‍ട്ടര്‍ സെറ്റുകളുടെ സ്റ്റോക്ക് തീര്‍ന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ പ്രതികരണം. തലാസീമിയ രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ ആവശ്യമായ ലൂക്കോസൈറ്റ് ഫില്‍ട്ടര്‍ സെറ്റുകളും മരുന്നുകളും അടിയന്തരമായി ലഭ്യമാക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window