തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി ഉറപ്പാക്കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുകയും ജോലിസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതിനായാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) ഉള്‍പ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഓരോ ആഴ്ചയിലും ഒരു ദിവസം അവധി നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ചുകൊണ്ടുതന്നെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പാക്കണം.
ഓരോ ഉദ്യോഗസ്ഥന്റെയും ആഴ്ചവാര അവധി മുന്‍കൂട്ടി നിശ്ചയിച്ച് ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റാനും ആവശ്യമായ സമയം ലഭിക്കുന്ന തരത്തില്‍ ഡ്യൂട്ടി ക്രമീകരിക്കണമെന്നുമാണ് നിര്‍ദേശം. കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലും മറ്റു അത്യാവശ്യ അവസരങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വളരെ അടിയന്തരവും ഒഴിവാക്കാനാകാത്തതുമായ സാഹചര്യങ്ങളിലല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ ആഴ്ചവാര അവധി നിഷേധിക്കരുത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ അവധി മാറ്റിവയ്‌ക്കേണ്ടിവന്നാലും പിന്നീട് അത് അനുവദിക്കുന്നതിനുള്ള ക്രമീകരണം ബന്ധപ്പെട്ട മേലധികാരികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ ഡ്യൂട്ടിയും ക്രമരഹിതമായ ജോലി സമയവും പൊലീസുകാരില്‍ സൃഷ്ടിക്കുന്ന മാനസിക-ശാരീരിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനൊപ്പം മെച്ചപ്പെട്ട ജോലി-കുടുംബ ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുകയെന്നതാണ് പുതിയ നിര്‍ദേശത്തിന്റെ പ്രധാന ലക്ഷ്യം.