കാസര്‍കോട്: പൊയിനാച്ചിയില്‍ ഉദുമ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ സ്വന്തം ഓഫീസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പ കോലാംകുന്ന് സ്വദേശി ഹരികൃഷ്ണന്‍ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് ഏജന്‍സി പൊയിനാച്ചിയില്‍ നടത്തിവരികയായിരുന്നു ഹരികൃഷ്ണന്‍. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഹരികൃഷ്ണനെ കാണാനില്ലായിരുന്നു. രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയുമായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചു. പിന്നീട് ഹരികൃഷ്ണന്റെ അമ്മാവന്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി കാണാതായതായി പരാതി നല്‍കി.
ബന്ധുക്കളുടെ മൊഴിയെടുത്ത് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പൊയിനാച്ചിയിലെ സ്ഥാപനത്തിനകത്ത് ഹരികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിച്ചത്. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പറമ്പ കോലാംകുന്നിലെ വി. ജനാര്‍ദ്ദനന്‍ നായരുടെയും രമയുടെയും മകനാണ് ഹരികൃഷ്ണന്‍. സഹോദരന്‍: രവികുമാര്‍.