തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയെക്കുറിച്ച് താന്‍ നേരത്തെ വ്യക്തമാക്കിയ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിലപാടില്‍ മാറ്റമുണ്ടായിരുന്നെങ്കില്‍ തെറ്റുപറ്റിയെന്ന് മാധ്യമങ്ങളോട് തുറന്നുപറയുമായിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എ.പി. വിഭാഗം നേതാക്കള്‍ തന്നെ സന്ദര്‍ശിച്ചതിന് പിന്നാലെ ചില മാധ്യമങ്ങള്‍ തന്റെ നിലപാട് മയപ്പെടുത്തിയതായി വാര്‍ത്ത നല്‍കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ച് താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പോസ്റ്റ് ചെയ്ത സമയത്ത് ക്രോസ് പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാല്‍ പോസ്റ്റ് കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമായിരുന്നു. ഇതിനെ തന്റെ നിലപാട് മാറ്റിയെന്ന തരത്തില്‍ ചിലര്‍ വാര്‍ത്തയാക്കിയെന്നാണ് സതീശന്റെ വിശദീകരണം.
എ.പി. വിഭാഗം നേതാക്കള്‍ തന്നെ സന്ദര്‍ശിച്ചത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് തീരുമാനിച്ച കൂടിക്കാഴ്ചയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാഴ്ച മുമ്പ് തന്നെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതായും അതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ തിരുവനന്തപുരത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ''രാവിലെ 11 മണിക്ക് ഞാന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിഞ്ഞ് അന്നുരാത്രി തന്നെ എ.പി. വിഭാഗം നേതാക്കള്‍ തിരുവനന്തപുരത്തെത്തി എന്ന തരത്തിലുള്ള പ്രചാരണം അത്ഭുതകരമാണ്. മൂന്നാഴ്ച മുമ്പ് തന്നെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. അതനുസരിച്ച് അവര്‍ അന്നുരാവിലെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു,'' സതീശന്‍ പറഞ്ഞു. നേതാക്കള്‍ വൈകീട്ട് തന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി നിലപാട് മാറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ച് താന്‍ സ്വീകരിച്ച നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.