മലപ്പുറം: പി.എം ശ്രീ പദ്ധതിക്കെതിരെ നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗും യൂത്ത് ലീഗും ഇപ്പോള്‍ 'ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല്‍ കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയിലാണെന്ന്' മുന്‍മന്ത്രി കെ.ടി. ജലീല്‍. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാരില്‍ തുടരുന്ന ഭിന്നത ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജലീലിന്റെ പരിഹാസം. പി.എം ശ്രീയില്‍ ഒപ്പുവച്ച് ലഭിക്കുന്ന കേന്ദ്രഫണ്ട് വേണ്ടെന്ന മുന്‍ നിലപാടിന്റെ കൂടി 'സന്തതിയാണ്' ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരെന്ന് ജലീല്‍ ആരോപിച്ചു. എന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പി.എം ശ്രീയുടെ മറവില്‍ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ ഒരുക്കിയ കെണിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനും തലവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ജലീല്‍ കുറ്റപ്പെടുത്തി. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിടാത്ത സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ കേരളം ഉള്‍പ്പെടെയുള്ള കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകള്‍ അനുവദിക്കില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും കേന്ദ്രസഹായം നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പാഠ്യപദ്ധതിയില്‍ കേന്ദ്ര ഇടപെടല്‍ പാടില്ലെന്നും പദ്ധതിയിലേക്കുള്ള സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനത്തിനായിരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവുമായി വീണ്ടും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ നീക്കം.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പി.എം ശ്രീക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്ന ചില സമുദായ നേതാക്കളെ ഇപ്പോള്‍ കാണാനില്ലെന്നും ജലീല്‍ പരിഹസിച്ചു. പദ്ധതിക്കെതിരായ മുന്‍ നിലപാടുകളില്‍നിന്ന് യു.ഡി.എഫും മുസ്ലിം ലീഗും പിന്നോട്ടുപോകുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പി.എം ശ്രീ പദ്ധതിയില്‍ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകളെയും ജലീല്‍ കുറിപ്പില്‍ പരാമര്‍ശിച്ചു. മന്ത്രിസഭാ ഉപസമിതിയും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും പദ്ധതിയില്‍ തുടരുന്നതിന് അനുകൂലമാണെന്നാണ് ജലീലിന്റെ വാദം. എന്നാല്‍ പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിലും യു.ഡി.എഫിലും ഇപ്പോഴും എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെയാണ് പി.എം ശ്രീ നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവച്ചപ്പോള്‍ ഏറ്റവും ശക്തമായി എതിര്‍ത്തത് യൂത്ത് ലീഗായിരുന്നെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കരുതെന്നാണ് ആഗ്രഹമെന്നും മുനവ്വറലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജനവികാരത്തിന് വിരുദ്ധമായി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ യൂത്ത് ലീഗ് നിലപാട് തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ജലീല്‍ ലീഗിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. ''ലീഗ് 'നൊമ്പരം' അറിയിച്ച് 'ഞാനൊന്നുമറിയില്ല രാമനാരായണ' എന്ന മട്ടില്‍ നില്‍ക്കുമോ, അതല്ല മുനവ്വറലി തങ്ങളുടെ വാക്ക് മാനിച്ച് പി.എം ശ്രീയില്‍നിന്ന് കേരള സര്‍ക്കാര്‍ മാറിനില്‍ക്കുമോ?'' എന്നായിരുന്നു ജലീലിന്റെ ചോദ്യം. പി.എം ശ്രീയെച്ചൊല്ലി മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമുള്ളില്‍ അഭിപ്രായഭിന്നത തുടരുന്നതിനിടെ കേന്ദ്രവുമായി ഉപാധികളോടെ വീണ്ടും ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കം വിഷയത്തെ വീണ്ടും രാഷ്ട്രീയ വിവാദത്തിന്റെ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.