തലശ്ശേരി: കേരളത്തില്‍ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സാമൂഹിക നിയന്ത്രണങ്ങളും വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍, ഒരു നൂറ്റാണ്ടിലേറെയായി യാഥാസ്ഥിതിക ചട്ടക്കൂടുകളെ ചോദ്യം ചെയ്തുവരുന്ന വേറിട്ടൊരു ചരിത്രമുണ്ട് തലശ്ശേരിയിലെ മാളിയേക്കല്‍ കുടുംബത്തിന്. പെണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതു മുതല്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കലാപരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതുവരെ അക്കാലത്ത് സമൂഹം അസാധാരണമെന്ന് കരുതിയ പല കാര്യങ്ങളും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ഈ കുടുംബത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ് മാളിയേക്കല്‍ കുടുംബത്തിന്റെ പുരോഗമന യാത്രയ്ക്ക് തുടക്കമാകുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ കുഞ്ഞുമായന്‍ തന്റെ മൂന്ന് പെണ്‍മക്കളെയും ഔപചാരിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സ്‌കൂളിലേക്ക് അയച്ചതാണ് അതിന്റെ തുടക്കം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതുപോലും കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്ന കാലത്തായിരുന്നു ഈ തീരുമാനം. കുഞ്ഞുമായന്റെ മക്കളായ ആമിന ഹാഷിം, ആയിഷ റൗഫ്, അലിമ അബുട്ടി എന്നിവര്‍ ഒരു നൂറ്റാണ്ട് മുന്‍പുതന്നെ സ്‌കൂള്‍ വിദ്യാഭ്യാസം നേടി പിന്നീട് ഉന്നതപഠനത്തിലേക്കും കടന്നു. എന്നാല്‍ ഇതിന് കുടുംബത്തിന് വലിയ സാമൂഹിക എതിര്‍പ്പാണ് നേരിടേണ്ടിവന്നത്.
പെണ്‍മക്കളെ സ്‌കൂളില്‍ അയച്ചതിന്റെ പേരില്‍ അക്കാലത്തെ യാഥാസ്ഥിതിക മതവിഭാഗങ്ങള്‍ കുഞ്ഞുമായനെ 'കാഫിര്‍ കുഞ്ഞുമായന്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നതായി കുടുംബാംഗമായ ജബീര്‍ മാളിയേക്കല്‍ പറയുന്നു. എന്നാല്‍ സാമൂഹിക ഭ്രഷ്ടും ഭീഷണികളും വകവെക്കാതെ വിദ്യാഭ്യാസത്തിനും നവോത്ഥാന ആശയങ്ങള്‍ക്കും ഒപ്പമാണ് കുടുംബം ഉറച്ചുനിന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നു. വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല മാളിയേക്കല്‍ തറവാടിന്റെ വേറിട്ട ഇടപെടലുകള്‍. കുടുംബത്തിലെ പ്രമുഖയായ കുഞ്ഞാച്ചുമ്മ സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു. അവരുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ മാനിച്ച് ബ്രിട്ടീഷ് ഭരണകാലത്ത് അംഗീകാരം ലഭിച്ചതായും കുടുംബചരിത്രം പറയുന്നു. 1919ല്‍ യാഥാസ്ഥിതിക എതിര്‍പ്പുകള്‍ അവഗണിച്ച് വീട്ടില്‍ പ്രമുഖ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് സംഗീതസന്ധ്യകള്‍ സംഘടിപ്പിച്ചു. 1920കളില്‍ വീട്ടുമുറ്റത്ത് ഗുസ്തി മത്സരങ്ങളും സിനിമാ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചതും അക്കാലത്ത് വലിയ കൗതുകമായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്വയംപര്യാപ്തതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് 1930ല്‍ കുഞ്ഞാച്ചുമ്മ 'മുസ്ലിം മഹിളാ സമാജം' സ്ഥാപിച്ചു. വിവിധ സമൂഹങ്ങളില്‍പ്പെട്ട സ്ത്രീകളെ ഒരുമിപ്പിച്ച് അക്ഷരാഭ്യാസവും തയ്യല്‍ പരിശീലനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു സമാജത്തിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവച്ചത്.
പിന്നീടെത്തിയ തലമുറകളും ഈ പാരമ്പര്യം തുടര്‍ന്നു. കുടുംബത്തിലെ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ അക്കാലത്തെ ശ്രദ്ധേയ വനിതകളിലൊരാളായിരുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിനായി അവര്‍ നേരിട്ട സാമൂഹിക അധിക്ഷേപങ്ങള്‍ കടുത്തതായിരുന്നുവെന്ന് കൊച്ചുമകളും തലശ്ശേരി നഗരസഭ മുന്‍ ചെയര്‍പേഴ്‌സണുമായ ആമിന ഹമീദ് പറയുന്നു. സ്‌കൂളില്‍ പോയി പഠിച്ചതിന്റെ പേരില്‍ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴിയരികില്‍ നിന്ന ചിലര്‍ മറിയുമ്മയുടെ മുഖത്തേക്ക് തുപ്പിയിരുന്നുവെന്നാണ് ആമിനയുടെ ഓര്‍മപ്പെടുത്തല്‍. അക്കാലത്ത് നേരിട്ടത് നേരിട്ടുള്ള അധിക്ഷേപങ്ങളായിരുന്നെങ്കില്‍ ഇന്നത് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങളുടെ രൂപത്തില്‍ തുടരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയമായും വൈവിധ്യമാര്‍ന്നതാണ് മാളിയേക്കല്‍ കുടുംബം. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കുടുംബത്തിലുണ്ട്. എന്നാല്‍ രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ കുടുംബത്തിന്റെ പുരോഗമന നിലപാടുകളെയോ വ്യക്തിസ്വാതന്ത്ര്യത്തോടുള്ള സമീപനത്തെയോ ബാധിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കുടുംബസംഗമങ്ങളില്‍ പ്രായ-ലിംഗഭേദമില്ലാതെ എല്ലാവരും ഒരുമിച്ച് പാടുകയും നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് തുല്യ അവസരം നല്‍കുന്നതാണ് കുടുംബത്തിന്റെ രീതി. വിദ്യാഭ്യാസത്തിനും പൊതുപ്രവര്‍ത്തനത്തിനും ലഭിച്ച പിന്തുണയിലൂടെ കുടുംബത്തിലെ നിരവധി സ്ത്രീകള്‍ തദ്ദേശ സ്ഥാപനങ്ങളിലടക്കം ജനപ്രതിനിധികളായും പൊതുരംഗത്തും സജീവമായി.
സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും പൊതുജീവിതത്തെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിലപാടുകളെ ആമിന ഹമീദ് വിമര്‍ശിക്കുന്നു. കാലം മാറിയെന്നും സ്ത്രീകള്‍ വിദ്യാഭ്യാസത്തിലും തൊഴില്‍രംഗത്തും വലിയ മുന്നേറ്റം നടത്തിയെന്നും അതിനനുസരിച്ച് മതനേതൃത്വത്തിന്റെ സമീപനത്തിലും മാറ്റമുണ്ടാകേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. ''കാന്തപുരം ഉസ്താദിനെപ്പോലുള്ള ചില മതപണ്ഡിതര്‍ ഇപ്പോഴും പഴയ കാലഘട്ടത്തിലെ ചിന്തകളിലാണ്. എന്നാല്‍ ലോകം മാറി, സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടു. കണ്ണുതുറക്കേണ്ടത് മതപണ്ഡിതരാണ്. പെണ്‍കുട്ടികളെ സ്‌കൂളിലും കോളജിലും അയച്ച് മികച്ച വിദ്യാഭ്യാസം നല്‍കണം. വിവാഹത്തിന് മുമ്പ് അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള തൊഴിലും ഉറപ്പാക്കണമെന്നാണ് ഞങ്ങളുടെ മറിയുമ്മ പഠിപ്പിച്ചിരുന്നത്. സ്ത്രീകളെ അടുക്കളയില്‍ മാത്രം ഒതുക്കാനുള്ള ശ്രമങ്ങള്‍ ഇനി വിജയിക്കില്ല,'' ആമിന പറയുന്നു. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും വിവാഹത്തിന് മുമ്പുതന്നെ അവര്‍ സാമ്പത്തികമായും സാമൂഹികമായും സ്വയംപര്യാപ്തരാകണമെന്നും മുന്‍തലമുറ ഉയര്‍ത്തിയ സന്ദേശമാണ് മാളിയേക്കല്‍ കുടുംബം ഇന്നും പിന്തുടരുന്നത്. ഒരു നൂറ്റാണ്ട് മുന്‍പ് ആരംഭിച്ച ആ സാമൂഹിക ചെറുത്തുനില്‍പ്പ് തലമുറകള്‍ പിന്നിട്ടിട്ടും തുടരുകയാണ്.