തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും മുന്‍മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (PMLA) സെക്ഷന്‍ 66(2) പ്രകാരമാണ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഇഡി സംസ്ഥാന പൊലീസിന് കൈമാറിയത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനിടെ കണ്ടെത്തുന്ന മറ്റൊരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ ഈ വ്യവസ്ഥ ഇഡിക്ക് അധികാരം നല്‍കുന്നു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം.
സിഎംആര്‍എല്ലില്‍നിന്ന് സേവനങ്ങള്‍ നല്‍കാതെയാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് പണം കൈപ്പറ്റിയതെന്നാണ് ഇഡിയുടെ ആരോപണം. അന്വേഷണത്തില്‍ ലഭിച്ച മൊഴികള്‍, ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയനുമായും മുഹമ്മദ് റിയാസുമായും ബന്ധമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. പരിശോധനകളില്‍ ലഭിച്ച രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ നീക്കമെന്നാണ് വിവരം. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വീണ വിജയനുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണത്തിനിടെ പിണറായി വിജയനും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായാണ് കേന്ദ്ര ഏജന്‍സിയുടെ വാദം. ഇവര്‍ക്കെതിരായ ആരോപണങ്ങളില്‍ സംസ്ഥാന പൊലീസാണ് അഴിമതി നിരോധന നിയമപ്രകാരം പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതെന്നാണ് ഇഡിയുടെ നിലപാട്. ഇഡിയുടെ കത്ത് ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോ എന്നതില്‍ സംസ്ഥാന പൊലീസ് സ്വീകരിക്കുന്ന തുടര്‍നടപടികളാണ് ഇനി നിര്‍ണായകമാകുക.