Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.6439 INR
ukmalayalampathram.com
Thu 10th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇളനീരില്‍ നിന്ന് 'കൊക്കോ വിനോ'; പേറ്റന്റ് നേടിയിട്ടും വിപണിയിലെത്താന്‍ 22 വര്‍ഷമായി കാത്ത് 83കാരന്‍
reporter

കാസര്‍കോട്: വീഞ്ഞിന് പഴക്കം കൂടുന്തോറും രുചിയും വീര്യവും കൂടുമെന്നാണ് പറയാറ്. എന്നാല്‍ കാസര്‍കോട്ടെ കര്‍ഷകന്‍ സെബാസ്റ്റ്യന്‍ പി. അഗസ്റ്റിന്‍ വികസിപ്പിച്ചെടുത്ത ഇളനീര്‍ വൈനിന് 'പഴക്കം' കൂടിയത് കുപ്പിയിലല്ല, സര്‍ക്കാര്‍ ഫയലുകളിലാണ്. സ്വന്തം കണ്ടുപിടിത്തം നിയമപരമായി വിപണിയിലെത്തിക്കാന്‍ ഈ 83കാരന്‍ കാത്തിരിക്കുന്നത് നീണ്ട 22 വര്‍ഷമായി. കാസര്‍കോട് ഭീമനടി പാലമറ്റം സ്വദേശിയായ സെബാസ്റ്റ്യന്‍ വികസിപ്പിച്ച ഇളനീര്‍ വൈനാണ് 'കൊക്കോ വിനോ'. ഇന്ത്യന്‍ പേറ്റന്റും അന്താരാഷ്ട്ര പേറ്റന്റും നേടിയിട്ടുണ്ടെങ്കിലും ഉത്പന്നം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ (ബിവ്‌കോ) വഴി പൊതുവിപണിയിലെത്തിക്കാനുള്ള അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ് അദ്ദേഹം. കേരളത്തിലെ എക്‌സൈസ് ചട്ടങ്ങളും ചെറുകിട കാര്‍ഷികാധിഷ്ഠിത വൈന്‍ ഉത്പാദനത്തിന് അനുയോജ്യമായ വ്യക്തമായ നയത്തിന്റെ അഭാവവുമാണ് തന്റെ ഉത്പന്നം വിപണിയിലെത്തുന്നതിന് തടസ്സമാകുന്നതെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് മുഴുവന്‍ സമയ കര്‍ഷകനിലേക്ക്

കോട്ടയത്തുനിന്ന് 1958ലാണ് സെബാസ്റ്റ്യന്റെ കുടുംബം കാസര്‍കോട്ടേക്ക് കുടിയേറിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം 1965ല്‍ റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1998ല്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാരായാണ് വിരമിച്ചത്. സര്‍വീസില്‍നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയ കൃഷിയിലേക്ക് തിരിഞ്ഞ അദ്ദേഹം കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ നടന്ന വിവിധ ശില്‍പശാലകളില്‍ പങ്കെടുത്തതോടെയാണ് പഴങ്ങളില്‍നിന്ന് സ്വാഭാവികമായി വൈന്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് സെബാസ്റ്റ്യന്‍ കൂടുതല്‍ പഠിച്ചത്. തെങ്ങുകൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗങ്ങളിലൊന്ന്. കണ്ണൂരിലെ ചെറുപുഴ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് തോട്ടത്തില്‍നിന്നുള്ള ഇളനീര്‍ എത്തിച്ചുനല്‍കുകയും ചെയ്തിരുന്നു.

'മണ്ടരി' നല്‍കിയ തിരിച്ചടിയില്‍ പിറന്ന ആശയം

2003ല്‍ കാസര്‍കോട്ടെ തെങ്ങിന്‍തോപ്പുകളെ വ്യാപകമായി ബാധിച്ച മണ്ടരി കീടബാധ സെബാസ്റ്റ്യന്റെ കൃഷിയിടത്തെയും തകര്‍ത്തു. കായ്ഫലം കുറഞ്ഞതിനൊപ്പം വിപണിയില്‍ ഇളനീരിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ വിളവെടുത്ത ഇളനീര്‍ തോട്ടത്തില്‍ കെട്ടിക്കിടന്ന് നശിക്കുന്ന സാഹചര്യമുണ്ടായി. ഈ പ്രതിസന്ധിയാണ് ഇളനീരില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നം നിര്‍മിക്കണമെന്ന ചിന്തയിലേക്ക് സെബാസ്റ്റ്യനെ നയിച്ചത്. തുടര്‍ന്ന് നടത്തിയ നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇളനീര്‍ വൈന്‍ നിര്‍മിക്കുന്നതിനുള്ള പ്രത്യേക ഫോര്‍മുല വികസിപ്പിച്ചത്. ഇളനീര്‍ വെള്ളം, ഇളനീരിന്റെ കാമ്പ്, പ്രത്യേക ഫ്രൂട്ട് എന്‍സൈമുകള്‍ എന്നിവ നിശ്ചിത അനുപാതത്തില്‍ സംയോജിപ്പിച്ചാണ് വൈന്‍ തയ്യാറാക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.

ഹോര്‍ട്ടികള്‍ച്ചര്‍ കോണ്‍ഗ്രസില്‍ ശ്രദ്ധ നേടി

2004ല്‍ നടന്ന ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോണ്‍ഗ്രസില്‍ സെബാസ്റ്റ്യന്‍ തന്റെ ഇളനീര്‍ വൈന്‍ അവതരിപ്പിച്ചു. തെങ്ങുകര്‍ഷകര്‍ക്ക് പുതിയ വരുമാനമാര്‍ഗം തുറക്കാന്‍ കഴിയുന്ന ഉത്പന്നമെന്ന നിലയില്‍ ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കണമെന്ന നിര്‍ദേശവും അന്ന് ഉയര്‍ന്നു. അതേ വര്‍ഷം ഒരു പരിപാടിക്കായി അമേരിക്കയിലെത്തിയപ്പോള്‍ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ പ്രവാസി മലയാളികളില്‍നിന്നും താല്‍പര്യം ലഭിച്ചതായി സെബാസ്റ്റ്യന്‍ പറയുന്നു. ഏകദേശം 20 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തവരും ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഓര്‍മ. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഉത്പാദനത്തേക്കാള്‍ വലിയ വെല്ലുവിളി നിയമാനുമതിയാണെന്ന് തിരിച്ചറിഞ്ഞത്.

പേറ്റന്റ് കിട്ടി; വിപണിയിലേക്കുള്ള വാതില്‍ തുറന്നില്ല

ചെറുകിട ഫാം അധിഷ്ഠിത വൈനറികള്‍ക്കും ബ്രൂവറികള്‍ക്കും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വ്യക്തമായ എക്‌സൈസ് നയം അന്ന് കേരളത്തിലുണ്ടായിരുന്നില്ല. അതോടെ 'കൊക്കോ വിനോ' വ്യാവസായിക ഉത്പാദനത്തിലേക്ക് കടക്കാനുള്ള ശ്രമങ്ങളും തടസ്സപ്പെട്ടു. 2007ല്‍ ഇളനീര്‍ വൈനിന് ഇന്ത്യന്‍ പേറ്റന്റും അന്താരാഷ്ട്ര പേറ്റന്റും സ്വന്തമാക്കാന്‍ സെബാസ്റ്റ്യന് കഴിഞ്ഞു. എന്നാല്‍ ഉത്പന്നത്തിന് നിയമപരമായ വിപണി കണ്ടെത്തുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല. തദ്ദേശീയ കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് വൈന്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുമെന്ന പ്രഖ്യാപനങ്ങള്‍ പലതവണ ഉണ്ടായെങ്കിലും തന്റെ പദ്ധതി യാഥാര്‍ഥ്യമായില്ലെന്നാണ് സെബാസ്റ്റ്യന്റെ പരാതി.

83ാം വയസ്സിലും പ്രതീക്ഷ കൈവിടാതെ

മണ്ടരി കീടബാധയില്‍ ഇളനീര്‍ നശിച്ചുപോകുന്നത് കണ്ടപ്പോള്‍ തുടങ്ങിയ പരീക്ഷണം പിന്നീട് പേറ്റന്റ് നേടിയ കണ്ടുപിടിത്തമായി മാറി. എന്നാല്‍ ശാസ്ത്രീയ അംഗീകാരവും പേറ്റന്റും ലഭിച്ചിട്ടും നിയമപരമായി വിപണിയിലെത്താനുള്ള വഴി തുറക്കാത്തതാണ് സെബാസ്റ്റ്യന്റെ നിരാശ. 22 വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകളിലുമായി തുടരുന്ന പോരാട്ടത്തിനിടയിലും അദ്ദേഹം പ്രതീക്ഷ കൈവിട്ടിട്ടില്ല. തെങ്ങുകര്‍ഷകര്‍ക്ക് അധിക വരുമാനമാര്‍ഗമായി മാറാന്‍ കഴിയുന്ന 'കൊക്കോ വിനോ' ഒരുനാള്‍ ബിവ്‌കോയുടെ ഷെല്‍ഫുകളിലൂടെ മലയാളികളുടെ കൈകളിലെത്തുമെന്ന പ്രതീക്ഷയിലാണ് ഈ 83കാരന്‍. ഒരു കാലത്ത് വിപണിയില്ലാതെ തോട്ടത്തില്‍ നശിച്ചുപോയ ഇളനീരില്‍നിന്ന് പിറന്ന ആശയം ഇന്ന് പേറ്റന്റ് നേടിയ ഉത്പന്നമാണ്. ഇനി സെബാസ്റ്റ്യന് വേണ്ടത് മറ്റൊരു കണ്ടുപിടിത്തമല്ല; തന്റെ കണ്ടുപിടിത്തത്തിന് വിപണിയിലേക്കുള്ള വാതില്‍ തുറക്കുന്ന ഒരു സര്‍ക്കാര്‍ തീരുമാനമാണ്.

 
Other News in this category

 
 




 
Close Window