തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ കെഎസ്ഇബി നിര്‍ദേശം. ഓരോ പ്രദേശത്തും ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനവും ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി തടസ്സപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വഴി വിവരം ലഭിക്കും. തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിലധികം കുറവ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ജലവൈദ്യുതി ഉല്‍പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളില്‍ 800-900 മെഗാവാട്ടിന്റെ കുറവ്
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയര്‍ന്നതും വൈകുന്നേരം ആറിനുശേഷം വൈദ്യുതി ഉപയോഗം കുത്തനെ വര്‍ധിച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനത്തില്‍ കുറവുണ്ടായതും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയതായി അധികൃതര്‍ പറയുന്നു. വൈകുന്നേരം ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെയുള്ള സമയത്ത് 800 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതെ പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ പരിമിതമാണെന്നും കെഎസ്ഇബി അറിയിച്ചു.
'അത്ഭുത പ്രവൃത്തി സാധ്യമല്ല'; മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധിയില്‍ അത്ഭുത പ്രവൃത്തി നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. യൂണിറ്റിന് 4.29 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കപ്പെട്ടത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മന്ത്രി ആരോപിച്ചു. റെഗുലേറ്ററി കമ്മീഷനാണ് കരാര്‍ റദ്ദാക്കിയതെങ്കിലും വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ ആറുമാസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
'പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട്'; എം.എം. മണി
അതേസമയം, നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി ആരോപിച്ചു. കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് പുതിയ കരാറുകളിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 40 ശതമാനം മാത്രമാണ് സംസ്ഥാനത്തിനുള്ളില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതെന്നും ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടതാണെന്നും മണി പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വാദവും അദ്ദേഹം തള്ളി. കഴിഞ്ഞ പത്തുവര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങിയിരുന്നുവെന്നും തന്റെ മന്ത്രിക്കാലത്താണ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയതെന്നും എം.എം. മണി പറഞ്ഞു. ഉണ്ടാകാനിടയുള്ള വൈദ്യുതി പ്രതിസന്ധി മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രളയകാലത്തും മഴ കുറഞ്ഞ സാഹചര്യങ്ങളിലും മുന്‍പ് വൈദ്യുതി നിയന്ത്രണമില്ലാതെ സംസ്ഥാനം മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.