കൊച്ചി: കേരളം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം 100 ദിവസം മുന്‍പ് മാത്രം അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ മേല്‍ ചുമത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ സന്ദീപ് വാര്യര്‍. നിലവിലെ പ്രതിസന്ധി കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടത് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയുടെയും ഭരണപരാജയത്തിന്റെയും ഫലമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വന്‍തോതില്‍ ഉയര്‍ന്നിട്ടും അതനുസരിച്ച് ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാന്‍ മുന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സന്ദീപ് വാര്യരുടെ വിമര്‍ശനം. കേരളത്തിലെ പീക്ക് ടൈം വൈദ്യുതി ആവശ്യകത 3,800 മെഗാവാട്ടില്‍ നിന്ന് 5,836 മെഗാവാട്ടായി ഉയര്‍ന്നതായും ഏകദേശം 2,000 മെഗാവാട്ടിന്റെ അധിക ആവശ്യം ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ധിച്ചുവരുന്ന ആവശ്യകത മുന്‍കൂട്ടി കണ്ട് പുതിയ വൈദ്യുതി പദ്ധതികള്‍ ആരംഭിക്കേണ്ടിയിരുന്നെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.
'പത്ത് വര്‍ഷത്തിനിടെ കെഎസ്ഇബി കൂട്ടിയത് 204 മെഗാവാട്ട് മാത്രം'
കേന്ദ്ര സര്‍ക്കാരിന്റെ സൗരോര്‍ജ പദ്ധതികള്‍, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍, ജനങ്ങള്‍ സ്വന്തം ചെലവില്‍ വീടുകളുടെ മേല്‍ക്കൂരകളില്‍ സ്ഥാപിച്ച സോളാര്‍ സംവിധാനങ്ങള്‍ എന്നിവ ഒഴിവാക്കിയാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കെഎസ്ഇബി നേരിട്ട് കൂട്ടിച്ചേര്‍ത്ത വൈദ്യുതി ഉല്‍പാദന ശേഷി 204 മെഗാവാട്ട് മാത്രമാണെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. വൈദ്യുതി ആവശ്യകത കുത്തനെ വര്‍ധിച്ച കാലയളവില്‍ ഉല്‍പാദന മേഖലയില്‍ ഉണ്ടായ ഈ മന്ദഗതി ഗുരുതരമായ ഭരണവീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതും പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണം
മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി ഒപ്പുവെച്ചിരുന്ന പവര്‍ പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയതും ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കില്‍ ലഭിക്കുമായിരുന്ന വൈദ്യുതി നഷ്ടപ്പെടുകയും പിന്നീട് പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
'100 ദിവസം കൊണ്ട് വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കാനാവില്ല'
പത്ത് വര്‍ഷമായി വൈദ്യുതി ഉല്‍പാദന മേഖലയില്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്താതെയും നിലവിലുണ്ടായിരുന്ന ലാഭകരമായ കരാറുകള്‍ റദ്ദാക്കിയുമാണ് മുന്‍ സര്‍ക്കാര്‍ ഊര്‍ജമേഖലയെ പ്രതിസന്ധിയിലാക്കിയതെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. വെറും 100 ദിവസം മാത്രം അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ നിലവിലെ പ്രതിസന്ധിക്ക് ഉത്തരവാദിയാക്കുന്നത് അപഹാസ്യമാണെന്നും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു സര്‍ക്കാരിനും വലിയ വൈദ്യുതി പദ്ധതി ആരംഭിച്ച് പൂര്‍ത്തിയാക്കാനോ പുതിയൊരു വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ടിന്റെ ഭരണപരാജയത്തിന്റെയും പിടിപ്പുകേടിന്റെയും ഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ജനങ്ങളെ വൈദ്യുതി നിയന്ത്രണത്തിലേക്ക് തള്ളിയതിന്റെ ഉത്തരവാദിത്തം കഴിഞ്ഞ പത്ത് വര്‍ഷം ഭരിച്ച ഇടത് സര്‍ക്കാരിനാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. നിലവിലെ വൈദ്യുതി പ്രതിസന്ധിയും സാമ്പത്തിക ബാധ്യതകളും മറികടന്ന് സംസ്ഥാനത്തിന്റെ ഊര്‍ജമേഖലയെ വീണ്ടും കാര്യക്ഷമമാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.