തിരുവനന്തപുരം: പ്രധാന സര്‍ക്കാര്‍ സാംസ്‌കാരിക പരിപാടികളില്‍ ഇടുക്കി ജില്ല നിരന്തരം തഴയപ്പെടുന്നതിനെ വിമര്‍ശിച്ച് സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏതാനും നഗരങ്ങളില്‍ ഒതുങ്ങാതെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തണമെന്ന് അദ്ദേഹം പറഞ്ഞു. 2026ലെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ഇടുക്കിയും കേരളത്തിന്റെ ഭാഗമാണെന്ന് ഓര്‍മിപ്പിച്ച മന്ത്രി, ''ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ?'' എന്ന് ചോദിച്ചു. പരിപാടികളുടെ സംഘാടനത്തില്‍ നിലനില്‍ക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
കേരള സാഹിത്യ അക്കാദമിയുടെ വാര്‍ഷിക സാഹിത്യോത്സവം വിവിധ കലാമേഖലകള്‍ ഉള്‍പ്പെടുന്ന സാംസ്‌കാരികോത്സവമായി വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സാഹിത്യ, സംഗീത നാടക, ഫോക്ലോര്‍, ലളിതകലാ, ചലച്ചിത്ര അക്കാദമികളും കേരള കലാമണ്ഡലവും പങ്കാളികളാകും. വരുംവര്‍ഷങ്ങളില്‍ വ്യത്യസ്ത ജില്ലകളിലായിരിക്കും ഉത്സവം സംഘടിപ്പിക്കുക.വിപുലീകരണം സാഹിത്യത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. രണ്ടുമുതല്‍ മൂന്നുദിവസം വരെ നീളുന്ന മേളയില്‍ വിവിധ മേഖലകളിലെ പ്രതിഭകള്‍ പങ്കെടുക്കുന്നത് പരിപാടിയുടെ വൈവിധ്യവും നിലവാരവും ഉയര്‍ത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലളിതകലാ അക്കാദമിയുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു