തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വിശദീകരിക്കുന്നതിനിടെ ഈ വര്‍ഷം കേരളത്തില്‍ അഞ്ചുകോടി എയര്‍കണ്ടീഷണറുകള്‍ വിറ്റുപോയെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് നടത്തിയ പ്രസ്താവന വിവാദത്തില്‍. ഒരു എന്‍ജിനീയര്‍ നല്‍കിയ വിവരമെന്ന നിലയിലാണ് മന്ത്രി കണക്ക് അവതരിപ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ദേശീയ-സംസ്ഥാന വിപണിക്കണക്കുകളുമായി ഈ സംഖ്യ പൊരുത്തപ്പെടുന്നില്ല. വ്യവസായ സംഘടനകളുടെയും റേറ്റിങ് ഏജന്‍സികളുടെയും കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ഇന്ത്യയില്‍ പ്രതിവര്‍ഷം വിറ്റഴിയുന്നത് ഏകദേശം 1.2 കോടി മുതല്‍ 1.4 കോടി വരെ എസികളാണ്. കേരളത്തിലെ മാത്രം വില്‍പ്പന അഞ്ചുകോടിയെന്ന അവകാശവാദം ദേശീയ വില്‍പ്പനയുടെ പലമടങ്ങ് വരും.
കടുത്ത ചൂട് അനുഭവപ്പെട്ട 2024ല്‍ കേരളത്തില്‍ ഏഴുലക്ഷത്തിലധികം എസികള്‍ വിറ്റതായാണ് റിപ്പോര്‍ട്ടിലെ കണക്ക്. 2025ല്‍ ഇത് അഞ്ചുലക്ഷത്തോളമായി കുറഞ്ഞെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവനയിലെ കൃത്യത ചോദ്യം ചെയ്യപ്പെടുന്നത്. അതേസമയം, ഗൃഹോപകരണങ്ങളുടെ ഉപയോഗവും പുതിയ വൈദ്യുതി കണക്ഷനുകളും വര്‍ധിക്കുന്നത് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വാര്‍ഷിക ഉപഭോഗം 2,349 കോടി യൂണിറ്റില്‍നിന്ന് 3,147 കോടി യൂണിറ്റായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കുന്നതും ഉയര്‍ന്ന നിരക്കിലുള്ള അടിയന്തര വാങ്ങലും ജലവൈദ്യുതോല്‍പ്പാദനത്തിലെ വ്യതിയാനങ്ങളും കെഎസ്ഇബിയുടെ പ്രതിസന്ധി രൂക്ഷമാക്കുന്ന ഘടകങ്ങളാണ്. ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകളിലെ തടസ്സങ്ങളും ആസൂത്രണത്തിലെ പോരായ്മകളും പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.