തമിഴ്‌നാട്ടില്‍നിന്ന് ഹിമാലയത്തിലേക്കുള്ള റോഡ് യാത്രയ്ക്കിടെ ഇന്ത്യയിലെ ദേശീയപാതകളെയും എക്‌സ്പ്രസ് വേകളെയും പ്രശംസിച്ച് വിദേശ സഞ്ചാരി. രാജ്യത്ത് 2,500 കിലോമീറ്ററിലേറെ സഞ്ചരിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ അനുഭവവിവരണം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ലോകത്തെ ഏറ്റവും മികച്ച റോഡുകളില്‍ ചിലത് ഇന്ന് ഇന്ത്യയിലാണെന്നാണ് സഞ്ചാരിയുടെ അഭിപ്രായം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരമൊരു അഭിപ്രായം പറയാനാകുമെന്ന് കരുതിയിരുന്നില്ലെന്നും റോഡുകളിലെ മാറ്റം ഇന്ത്യയിലെ യാത്രാനുഭവത്തെ ഏറെ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ ആരംഭിച്ച യാത്ര കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് മുന്നേറിയത്. ഹരിയാന കടന്ന് ഉത്തരാഖണ്ഡിലെത്തുകയാണ് ലക്ഷ്യം. വിഡിയോ ചിത്രീകരിക്കുന്ന സമയത്ത് എന്‍ഇ4 പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും യാത്രയുടെ ഭൂരിഭാഗവും മികച്ച ദേശീയപാതകളിലൂടെയും എക്‌സ്പ്രസ് വേകളിലൂടെയുമായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. അടുത്തിടെ മറ്റൊരു വിദേശ വനിതാ സഞ്ചാരിയും ഇന്ത്യയിലെ റോഡുകളുടെ പുരോഗതിയെക്കുറിച്ച് അനുഭവം പങ്കുവെച്ചിരുന്നു. 2017ലെ ഇന്ത്യാസന്ദര്‍ശനവുമായി താരതമ്യം ചെയ്യുമ്പോള്‍ റോഡ് യാത്രയില്‍ വലിയ മാറ്റമുണ്ടായെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ 2025ലെ കണക്കനുസരിച്ച്, ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ.