തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് ഉപയോഗിക്കാന്‍ അഞ്ചു മന്ത്രിമാര്‍ക്ക് പൊതുഭരണ വകുപ്പ് അനുമതി നല്‍കി. വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മൂന്ന് സ്വകാര്യ കാറുകള്‍ക്കും അനുമതിയുണ്ട്. കുഞ്ഞാലിക്കുട്ടിക്കു പുറമേ രമേശ് ചെന്നിത്തല, പി. കെ. ബഷീര്‍, കെ. എം. ഷാജി, വി. ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നല്‍കിയ അപേക്ഷകളിലാണ് നടപടി. വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് പൊതുഭരണ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
മന്ത്രി സഞ്ചരിക്കുന്ന സമയത്ത് മാത്രമേ സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് സ്ഥാപിക്കാവൂ എന്ന നിബന്ധനയോടെയാണ് അനുമതി. ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ. എം. ഷാജി സ്വകാര്യ കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം അദ്ദേഹം തിരിച്ചുനല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഞ്ചു മന്ത്രിമാര്‍ക്ക് നല്‍കിയ അനുമതിയുടെ വിവരങ്ങള്‍ പുറത്തുവന്നത്.