തിരുവനന്തപുരം: സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കാനും ലഹരിവസ്തുക്കളുടെ ഉപയോഗം തടയാനും നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കുട്ടികള്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ പരിശോധന കുട്ടികളുടെ ആത്മാഭിമാനത്തെയും അന്തസ്സിനെയും ബാധിക്കാത്ത രീതിയിലായിരിക്കണമെന്നും വ്യക്തമാക്കി. സ്‌കൂള്‍ സമയത്ത് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. പ്രത്യേക ആവശ്യങ്ങള്‍ക്ക് രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ സ്‌കൂള്‍ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാന്‍ അധികൃതര്‍ സൗകര്യമൊരുക്കണം.
മുടി വളര്‍ത്തുന്നതും നിറം നല്‍കുന്നതും മൊട്ടയടിക്കുന്നതും കുട്ടികളുടെ അവകാശമാണെങ്കിലും സ്‌കൂള്‍ അച്ചടക്കനിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്ക് ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിത ഉപയോഗം ആരോഗ്യത്തിന് അപകടമുണ്ടാക്കാമെന്നും കമ്മീഷന്‍ വിലയിരുത്തി. അച്ചടക്കത്തിന്റെ പേരില്‍ കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. അച്ചടക്കനടപടികള്‍ സ്വീകരിക്കുമ്പോഴും കുട്ടികളുടെ അവകാശങ്ങളും മാന്യതയും സംരക്ഷിക്കണമെന്ന് കമ്മീഷന്‍ ഓര്‍മിപ്പിച്ചു. നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് 60 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.