കൊച്ചി: ചേറാനല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ചിരുന്ന ബെന്‍സ് കാര്‍ സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന്‍ മരിച്ചു. തെക്കന്‍ ചിറ്റൂര്‍ നെല്ലുവേലില്‍ ജയബാലകൃഷ്ണന്‍ (51) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.20-ഓടെ കണ്ടെയ്നര്‍ റോഡില്‍ മരപ്പറമ്പിലെ ഫോര്‍ഡ് ഷോറൂമിനു സമീപമായിരുന്നു അപകടം. വല്ലാര്‍പാടത്തുനിന്ന് കളമശ്ശേരിയിലേക്ക് പോകുകയായിരുന്ന കാര്‍ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ചിറ്റൂരില്‍ നടത്തുന്ന ഭക്ഷണശാല അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയബാലകൃഷ്ണന്‍ അപകടത്തില്‍പ്പെട്ടത്. ആലുവയില്‍ താമസിക്കുന്ന പതിനേഴുകാരന്‍ മാതാപിതാക്കളുടെ അറിവില്ലാതെയാണ് പിതാവിന്റെ പേരിലുള്ള കാറുമായി പുറത്തിറങ്ങിയതെന്ന് ചേറാനല്ലൂര്‍ പൊലീസ് അറിയിച്ചു. അപകടസമയത്ത് കാറില്‍ ഇയാള്‍ മാത്രമാണുണ്ടായിരുന്നത്.
മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സ്‌കൂട്ടര്‍ പെട്ടെന്ന് ദിശമാറ്റിയതിനാല്‍ ഇടിയൊഴിവാക്കാനായില്ലെന്നാണ് പതിനേഴുകാരന്‍ പൊലീസിന് നല്‍കിയ വിശദീകരണം. അപകടത്തിന്റെ യഥാര്‍ഥ സാഹചര്യം കണ്ടെത്താന്‍ സാക്ഷിമൊഴികളും ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്തുനിന്ന് പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണം സംഭവിച്ചതിനും കേസെടുത്തിട്ടുണ്ട്. ജയബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.