കൊച്ചി: കള്ളുഷാപ്പുകളില്‍ സ്ത്രീകളെ ഒരു ജോലിയിലും നിയമിക്കരുതെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കേരള ഹൈക്കോടതി റദ്ദാക്കി. കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസല്‍ ചട്ടങ്ങളിലെ 7(37) വ്യവസ്ഥയാണ് കോടതി നീക്കിയത്. സുരക്ഷയുടെ പേരില്‍ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള തൊഴില്‍മേഖല തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തൃശൂര്‍ സ്വദേശിനിയായ സോഫി (47) നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. കള്ളുഷാപ്പ് ജീവനക്കാരനായ ഭര്‍ത്താവ് 2024ല്‍ മരിച്ചതിനെത്തുടര്‍ന്ന് ആശ്രിതനിയമനം തേടിയ സോഫിക്ക്, സ്ത്രീകളുടെ നിയമനം വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ചട്ടത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
തൊഴിലിടങ്ങളിലെ ചൂഷണത്തില്‍നിന്നും പീഡനങ്ങളില്‍നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് വ്യവസ്ഥ കൊണ്ടുവന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, സുരക്ഷിതമായ തൊഴില്‍സാഹചര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം തൊഴില്‍വിലക്കിലൂടെ നിറവേറ്റാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സുപ്രീംകോടതി വിധി പരാമര്‍ശിച്ച് ഹൈക്കോടതി വ്യക്തമാക്കി. സമ്പൂര്‍ണ വിലക്കിനുപകരം തൊഴില്‍മേഖലയിലെ അസമത്വങ്ങളും സുരക്ഷാപ്രശ്‌നങ്ങളും പരിഹരിക്കാനാണ് നടപടി വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശമദ്യശാലകളിലെ സ്ത്രീനിയമനത്തിനുണ്ടായിരുന്ന സമാന വിലക്ക് ഹൈക്കോടതി നേരത്തെ നീക്കിയിരുന്നു.