Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 27th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചേരാനെല്ലൂര്‍ അപകടത്തില്‍ പൊലീസിന് വീഴ്ചയെന്ന് ചെന്നിത്തല; പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍
reporter

തിരുവനന്തപുരം: ചേരാനെല്ലൂരില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അപകടമുണ്ടായ രാത്രിയില്‍ ടി.ജെ. വിനോദ് എംഎല്‍എയാണ് തന്നെ ഫോണില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കുറ്റകരമായ നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് മനസ്സിലായി. സംഭവം ഗൗരവമുള്ളതാണെന്നും പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഉടന്‍ ഡിജിപിയെ അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. രാത്രി രണ്ടരയോടെ വീട്ടിലേക്ക് അരിയും മറ്റ് സാധനങ്ങളുമായി പോകുകയായിരുന്ന ജയബാലകൃഷ്ണനെയാണ് കാര്‍ ഇടിച്ചത്. സംഭവത്തില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയതിന്റെ കാരണം ഡിജിപിയോട് ചോദിച്ചതായി മന്ത്രി വ്യക്തമാക്കി. പൊലീസ് തെറ്റുചെയ്താല്‍ ന്യായീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും പ്രതി ആരുടെ മകനായാലും നിയമം ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി വിവരങ്ങള്‍ നീക്കംചെയ്‌തെന്ന ആരോപണത്തിലും നടപടി വേണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. സ്ഥലം സന്ദര്‍ശിക്കാന്‍ എഡിജിപി പി. വിജയന് നിര്‍ദേശം നല്‍കിയെന്നും മരിച്ചയാളുടെ കുടുംബവുമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയതായി ചെന്നിത്തല പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുമുമ്പുതന്നെ പ്രതിക്ക് ജാമ്യം ലഭിച്ചതിനെ മന്ത്രി വിമര്‍ശിച്ചു. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തശേഷവും ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനമോടിച്ചയാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ വാഹന ഉടമയായ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. പിതാവ് ജഡ്ജിയായതിനാല്‍ വിവരം ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചതായും മന്ത്രി പറഞ്ഞു. ജഡ്ജിക്കെതിരായ ഔദ്യോഗിക നടപടികള്‍ സ്വീകരിക്കേണ്ടത് ഹൈക്കോടതിയാണെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ വീഴ്ച തുറന്നുപറയാന്‍ തനിക്ക് മടിയില്ലെന്ന് പറഞ്ഞ ചെന്നിത്തല, പത്തുവര്‍ഷം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത പിണറായി വിജയന്‍ ഇത്തരം വീഴ്ചകള്‍ അംഗീകരിച്ചിരുന്നില്ലെന്നും വിമര്‍ശിച്ചു. അതേസമയം, വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് സിപിഎം അംഗം എ.സി. മൊയ്തീന്‍ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളില്‍ രണ്ടുതരം നീതിയാണ് നടപ്പാകുന്നതെന്നും ആഭ്യന്തരമന്ത്രിയുടെ വിശദീകരണംതന്നെ ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 
Other News in this category

 
 




 
Close Window