കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച കേസില്‍ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ലാറ്റില്‍ അന്വേഷണസംഘം പരിശോധന നടത്തി. രാത്രി ഒമ്പതുമണിയോടെ ആരംഭിച്ച പരിശോധന പുലര്‍ച്ചെ നാലുമണിവരെ നീണ്ടു. കമ്പനിപ്പടിയിലെ ഫ്‌ലാറ്റില്‍നിന്ന് ആഡംബര ബൈക്കും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു.
ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച അന്വേഷണസംഘം ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തി. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. അതേസമയം, പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും പിതാവായ ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അപകടദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്ന് നീക്കംചെയ്യിച്ചെന്ന ആരോപണം നേരിടുന്ന പൊലീസുകാരനെതിരെയും കര്‍ശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പണവും ഉന്നത സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അന്വേഷണം ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒക്ടോബര്‍ 25ന് പുലര്‍ച്ചെ ചേരാനല്ലൂരില്‍ ജയബാലകൃഷ്ണന്‍ (55) സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ എഡിജിപി പി. വിജയന്‍ ജയബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.