Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 28th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ജാമ്യമില്ല; ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും
reporter

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് നടപടി. സുഹൈല്‍, നിനവ്, ജോയല്‍, അമീന്‍ എന്നിവര്‍ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും. റിമാന്‍ഡില്‍ 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യം തേടിയത്. അപകടസമയത്ത് കാര്‍ മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്നതിന് തെളിവ് ലഭിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് മുഖ്യപ്രതിയുടെ പതിവാണെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അപകടത്തിനുശേഷം മൂന്നാം പ്രതി ജോയല്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശവും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവദിവസം രാവിലെ 9.25ന് അയച്ച സന്ദേശത്തില്‍ മദ്യപാനത്തെക്കുറിച്ചും തിരിച്ചുവരുമ്പോള്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ചതിനെക്കുറിച്ചും പരാമര്‍ശമുണ്ട്. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതോടെ യാത്രക്കാര്‍ തെറിച്ചുവീണെന്നും തുടര്‍ന്ന് തന്നോടും അമീനോടും സ്ഥലത്തുനിന്ന് പോകാന്‍ നിനവ് ആവശ്യപ്പെട്ടെന്നും ജോയല്‍ സന്ദേശത്തില്‍ പറയുന്നു. പിതാവ് കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്ന് സുഹൈല്‍ പറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതികരിച്ചതായും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു.

ഒക്ടോബര്‍ 11ന് പുലര്‍ച്ചെ നെടുമ്പാശേരി അത്താണി സിഗ്‌നലിനു സമീപമായിരുന്നു അപകടം. മിനി കൂപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചലില്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴിയില്‍ പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്.

 
Other News in this category

 
 




 
Close Window