കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവിന്റെയും മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷയില്‍ എറണാകുളം ജില്ലാ കോടതി നാളെ വിധി പറയും. റിമാന്‍ഡില്‍ 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യം തേടിയത്. സാക്ഷിമൊഴികള്‍ ഇനിയും രേഖപ്പെടുത്താനുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. അതിനിടെ, അപകടത്തിനുശേഷം ജോയല്‍ സുഹൃത്തിന് അയച്ചതെന്ന് പറയുന്ന ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. രാവിലെ 9.25ന് അയച്ച സന്ദേശം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അപകടത്തിനു മുമ്പുള്ള മദ്യപാനത്തെക്കുറിച്ചും കാര്‍ അമിതവേഗത്തില്‍ സഞ്ചരിച്ചതിനെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.
ബാറില്‍ പോയി മദ്യപിച്ചശേഷം മടങ്ങുന്നതിനിടെ കാര്‍ അതിവേഗത്തിലാണ് ഓടിച്ചിരുന്നതെന്നും സ്‌കൂട്ടറില്‍ ഇടിച്ചതോടെ അതിലുണ്ടായിരുന്ന മൂന്നുപേരും തെറിച്ചുവീണെന്നും സന്ദേശത്തില്‍ പറയുന്നു. അപകടത്തിനുശേഷം തന്നോടും അമീനോടും സ്ഥലത്തുനിന്ന് പോകാന്‍ നിനവ് ആവശ്യപ്പെട്ടതായും ജോയല്‍ പറയുന്നുണ്ട്. പിതാവ് കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്ന് സുഹൈല്‍ പറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതികരിച്ചതായും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു.
ഒക്ടോബര്‍ 11ന് പുലര്‍ച്ചെ നെടുമ്പാശേരി അത്താണി സിഗ്‌നലിനു സമീപമായിരുന്നു അപകടം. മിനി കൂപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചലില്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴിയില്‍ പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്.