തിരുവനന്തപുരം: നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന സംശയം നിയമസഭയില്‍ ഉന്നയിച്ച ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തെറ്റായ വിവരങ്ങള്‍ നല്‍കി മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രസ്താവന തിരുത്തി മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിപ രോഗികള്‍ക്ക് നല്‍കിയ മരുന്നുകളുടെയും ചികിത്സയുടെയും വിവരങ്ങള്‍ ആരോഗ്യവകുപ്പില്‍ ലഭ്യമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഗൗരവമുള്ള വിഷയത്തില്‍ രേഖകള്‍ പരിശോധിച്ച് വ്യക്തമായ മറുപടി നല്‍കേണ്ടതായിരുന്നു. മരുന്ന് സ്വീകരിച്ച അഞ്ചു നിപ രോഗികളും ജീവനോടെയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മരുന്നുകളുടെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിതരണം നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ സംവിധാനമുണ്ടെന്നും വീണ വിശദീകരിച്ചു. കാലാവധി അവസാനിച്ച മരുന്നുകളുടെ കൈമാറ്റം ബന്ധപ്പെട്ട പോര്‍ട്ടല്‍ തടയുമെന്നാണ് അവരുടെ വാദം. അതിനാല്‍ കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന ആരോപണം അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. മറുപടി തയ്യാറാക്കാന്‍ സമയം ലഭിച്ചിട്ടും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും വീണ ആരോപിച്ചു. അട്ടപ്പാടിയിലെ നവജാതശിശു മരണങ്ങളും ആരോഗ്യവകുപ്പിലെ മറ്റു പ്രശ്‌നങ്ങളും മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും അവര്‍ വിമര്‍ശിച്ചു. അതേസമയം, 2023 മുതല്‍ 2025 വരെ നിപ, കോവിഡ് രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിഷയത്തില്‍ പരിശോധന നടത്താന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. Taniniram Media