|
മാര്‍ച്ച് 11 ,12 , 13 തിയതികളിലാണ് പണിമുടക്കുകയെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതുമൂലം തുടര്‍ച്ചയായി അഞ്ചു ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. കാരണം മാര്‍ച്ച് 14 രണ്ടാം ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ്. നേരത്തെ ജനുവരി 31 , ഫെബ്രുവരി ഒന്ന് എന്നീ ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. ഇതിന് പുറമെ ജനുവരി എട്ടിന് നടന്ന ഭാരത് ബന്ദിനും ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നു .
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. 2012 ലാണ് ബാങ്ക് ജീവനക്കാരുടെ വേതനം അവസാനമായി പരിഷ്‌കരിച്ചത്. 2017 നവംബറില്‍ ഈ കരാറിന്റെ കാലാവധി തീര്‍ന്നു. എന്നാല്‍ നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും പുതിയ വേതനക്കരാര്‍ ഇനിയും ഒപ്പിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ തുടര്‍ച്ചയായി പണിമുടക്കിന് ഒരുങ്ങുന്നത്. |