ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന്റെ ഡിജിറ്റല്‍ വാലറ്റുകളില്‍നിന്ന് ഏകദേശം 630 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ ഹാക്കര്‍മാര്‍ കവര്‍ന്നതായി കമ്പനി അറിയിച്ചു. ഏകദേശം 59,000 കോടി രൂപ വരുമിത്. കണക്കുകള്‍ സ്ഥിരീകരിച്ചാല്‍ ക്രിപ്റ്റോകറന്‍സി ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചയാകും ഇത്.
പത്ത് ബ്ലോക്ക്ചെയിന്‍ ശൃംഖലകളിലായി 636 കോടി ഡോളറിന്റെ ആസ്തികള്‍ ബിനാന്‍സ് വാലറ്റുകളില്‍നിന്ന് മാറ്റിയെന്നാണ് ഇടപാടുകള്‍ പരിശോധിച്ച ടിആര്‍എം ലാബ്സിന്റെ കണക്ക്. ഇതില്‍ ഭൂരിഭാഗവും കൈമാറിയത് 20 മിനിറ്റിനുള്ളിലാണ്. ബ്ലോക്ക്ചെയിന്‍ ഇടപാടുകളും മറ്റ് അന്വേഷണ വിവരങ്ങളും വിലയിരുത്തിയ ടിആര്‍എം ലാബ്സ്, ഉത്തരകൊറിയന്‍ ഹാക്കിങ് സംഘമായ 'ട്രേഡര്‍ട്രെയ്റ്റര്‍' ആണ് ആക്രമണത്തിനു പിന്നിലെന്ന നിഗമനത്തിലെത്തി. മറ്റൊരു ബ്ലോക്ക്ചെയിന്‍ വിശകലന സ്ഥാപനമായ ചെയിനാലിസിസും ആക്രമണത്തിന് ഉത്തരകൊറിയന്‍ ബന്ധമുണ്ടെന്ന് വിലയിരുത്തി.
ബ്ലോക്ക്ചെയിന്‍ പങ്കാളികളുടെ സഹായത്തോടെ ഏകദേശം 300 കോടി ഡോളറിന്റെ ആസ്തികള്‍ മരവിപ്പിച്ചതായി ബിനാന്‍സ് അറിയിച്ചു. ഒക്ടോബര്‍ 29ന് ആക്രമണം സ്ഥിരീകരിച്ചതിനു പിന്നാലെ സുരക്ഷാ പരിശോധനകള്‍ക്കായി ക്രിപ്റ്റോകറന്‍സി നിക്ഷേപങ്ങളും പിന്‍വലിക്കലുകളും കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഉപയോക്താക്കള്‍ക്കുണ്ടാകുന്ന നഷ്ടം കമ്പനി വഹിക്കുമെന്നും ബിനാന്‍സ് അറിയിച്ചു.