Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഗുജറാത്തിലെ തുറമുഖത്ത് പിടികൂടിയത് 3000 കിലോഗ്രാം ഹെറോയിന്‍: 21,000 കോടിയുടെ മയക്കു മരുന്ന് എത്തിച്ചതാര്?
Reporter
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. അന്താരാഷ്ട്ര വിപണിയില്‍ 21,000 കോടിയോളം രൂപ വില മതിക്കുന്ന മയക്കുമരുന്നു ശേഖരമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.


വന്‍ മയക്കുമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്തിയതിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും സുര്‍ജേവാല കടുത്ത വിമര്‍ശനം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് അദാനി മുന്ദ്ര തുറമുഖം ഇക്കാര്യത്തില്‍ അന്വേഷിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തതെന്നും ഇതുവരെയുള്ള ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയാന്‍ നടപടിയെടുക്കേണ്ട കേന്ദ്ര ഏജന്‍സികളായ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡി ആര്‍ ഐ എന്നിവരെയും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ യുവതലമുറയെ മയക്കുമരുന്ന് ഉപയോഗം നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഈ വര്‍ഷം ജൂലൈയില്‍ ഡല്‍ഹി പൊലീസ് 2500 കോടി വിലമതിക്കുന്ന 354 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. ഇത്തരം ലഹരി കടത്തിന് പിന്നില്‍ ആരായിരുന്നാലും അവരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1,75,000 കോടി രൂപയുടെ 2500 കിലോഗ്രാം ഹെറോയിന്‍ എവിടെയാണെന്ന് കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വന്‍തോതിലുള്ള ഹെറോയിന്‍ കടത്തിന് പിന്നിലെ ഇന്ത്യ വിരുദ്ധ ശക്തികളുടെ പങ്കിനെ വെളിപ്പെടുത്തണമെന്നും കടത്തിന് പിന്നില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന് ബന്ധമുള്ളതിനാല്‍ ദേശീയ സുരക്ഷ അപകടത്തിലായെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window