Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
Teens Corner
  Add your Comment comment
കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
Text By: Binu George
കവന്‍ട്രി : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങള്‍. മാലാഖമാരുടെ സ്വര്‍ഗീയ സംഗീതത്തോടൊപ്പം അവര്‍ ചേര്‍ന്നു പാടിയപ്പോള്‍ കവന്‍ട്രി വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഉയര്‍ന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവര്‍ണ്ണഗീതങ്ങള്‍.

കരോള്‍ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഡിസംബര്‍ 6 ശനിയാഴ്ച്ച കവന്‍ട്രി വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഗര്‍ഷോം ടിവിയും , ലണ്ടന്‍ അസഫിയന്‍സും ചേര്‍ന്നൊരുക്കിയ ജോയ് ടു ദി വേള്‍ഡ് കരോള്‍ ഗാന മത്സരത്തിന്റെ എട്ടാം സീസണില്‍ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങള്‍. 'ജോയ് ടു ദി വേള്‍ഡ്' സീസണ്‍ 8 ഓള്‍ യുകെ കരോള്‍ ഗാന മത്സരത്തില്‍ കിരീടം ചൂടിയ സാള്‍ട്ലി സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍ ക്വയര്‍ ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാര്‍ഡും 'ജോയ് ടു ദി വേള്‍ഡ്' വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ സിനായ് മാര്‍ത്തോമാ ചര്‍ച്ച് നോര്‍ത്ത് ലണ്ടന്‍ രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച് ക്വയര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് മിഡ്ലാന്‍ഡ്സ് നാലാം സ്ഥാനവും, സെന്റ് ചാവറ സീറോ മലബാര്‍ മിഷന്‍ ചര്‍ച്ച് ക്വയര്‍ അഞ്ചാം സ്ഥാനവും സെന്റ് ഹെലെന ക്വയര്‍ വാറിംഗ്ടണ്‍ ആറാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള 'ബെസ്ററ് അപ്പിയറന്‍സ്' അവാര്‍ഡിന് ബിര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ക്വയര്‍ അര്‍ഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ആറും ടീമുകള്‍ക്കു പ്രോത്സാഹനമായി ട്രോഫിയും സമ്മാനിച്ചു.

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച കരോള്‍ സന്ധ്യയുടെ ഔപചാരികമായ ഉത്ഘാടനം തിരി തെളിയിച്ചു കൊണ്ട് ഫാ. ടോമി എടാട്ട് നിര്‍വഹിച്ചു. മലങ്കര കത്തോലിക്കാ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ റെവ. ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് തിരുമേനി ക്രിസ്മസ് സന്ദേശം നല്‍കി സംസാരിച്ചു.

മലയാളത്തിന്റെ നിത്യഹരിത നായകന്‍, നടനും സംവിധായകനുമായ ശങ്കര്‍ മുഖ്യാതിഥിയായിരുന്നു. മലയാള ചലച്ചിത്ര പിന്നണി ഗായകനും കമ്പോസറുമായ ഗോകുല്‍ ഹര്‍ഷന്‍, മ്യൂസിക് കംപോസറും സംഗീതജ്ഞനുമായ ആകാശ് ബിനു എന്നിവര്‍ അതിഥികളായി എത്തിയിരുന്നു. കരോള്‍ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടന്‍ അസാഫിയന്‍സ് ബാന്‍ഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കല്‍ നൈറ്റ് ഏറെ ശ്രദ്ധേയമായി. പ്രശസ്ത സംഗീതജ്ഞരായ ഗിരീഷ് മേനോന്‍, റോണ്‍ റിച്ചില്‍, ജോയ് തോമസ് തുടങ്ങിയവര്‍ ലൈവ് മ്യൂസിക് ബാന്‍ഡിന് നേതൃത്വം നല്‍കി.

മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ശ്രീ. ശങ്കര്‍ പണിക്കര്‍, ആകാശ് ബിനു, ടിന ജിജി, ദീപേഷ് സ്‌കറിയ, അഡ്വ. ഫ്രാന്‍സിസ് മാത്യു, രാജേഷ് ജോസഫ്, ഗര്‍ഷോം ടി വി ഡയറക്ടര്‍മാരായ ജോമോന്‍ കുന്നേല്‍ , ബിനു ജോര്‍ജ്, ലണ്ടന്‍ അസാഫിയന്‍സ് ഡയറക്ടര്‍ സുനീഷ് ജോര്‍ജ്, ജോയ് ടു ദി വേള്‍ഡ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജോഷി സിറിയക് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോയ് ടു ദി വേള്‍ഡ് സീസണ്‍ 9, 2026 ഡിസംബര്‍ 5 നു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window