തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി (എക്‌സിം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. കേരളത്തിന്റെ വ്യവസായ-വാണിജ്യ മേഖലയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന എക്‌സിം പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10.45ന് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. ഇന്ത്യയുടെ പ്രധാന വാണിജ്യ കവാടങ്ങളിലൊന്നായി വിഴിഞ്ഞത്തെ ഉയര്‍ത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പായാണ് സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങളുടെ തുടക്കത്തെ വിലയിരുത്തുന്നത്. ഇതോടൊപ്പം തുറമുഖത്തെ കേന്ദ്രീകരിച്ചുള്ള വ്യവസായ-ലോജിസ്റ്റിക്‌സ് വികസന പദ്ധതിയായ 'മിഷന്‍ സമുദ്ര' സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും.
8 വ്യവസായ ക്ലസ്റ്ററുകള്‍, 3 പുതിയ നഗരങ്ങള്‍
വിഴിഞ്ഞത്തെ വിപുലമായ മാരിടൈം ഇക്കണോമിക് കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്. എട്ട് വ്യവസായ ക്ലസ്റ്ററുകള്‍, മൂന്ന് പുതിയ നഗരങ്ങള്‍, കേരളത്തിന്റെ 600 കിലോമീറ്ററോളം വരുന്ന തീരപ്രദേശം എന്നിവയെ ബന്ധിപ്പിച്ച് 'പോര്‍ട്ട് സിറ്റി' വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്‌സ് വികസനം, വ്യവസായ ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ടും പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
വലന്‍സിയയിലേക്കുള്ള ട്രയല്‍ റണ്‍ വിജയകരം
സ്‌പെയിനിലെ വലന്‍സിയയിലേക്ക് ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ അയച്ചുള്ള ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് തുറമുഖം സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. ഇതുവരെ കേരളത്തില്‍നിന്നുള്ള ചരക്കുകള്‍ പാശ്ചാത്യ വിപണികളിലേക്ക് അയക്കാന്‍ കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു. വിഴിഞ്ഞത്ത് എക്‌സിം സേവനങ്ങള്‍ ആരംഭിക്കുന്നതോടെ ചരക്കുകള്‍ നേരിട്ട് വിദേശ വിപണികളിലേക്ക് അയയ്ക്കാനുള്ള സാഹചര്യമൊരുങ്ങും. ഇതിലൂടെ യാത്രാസമയവും ലോജിസ്റ്റിക്‌സ് ചെലവും ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
കര്‍ഷകര്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും പുതിയ വിപണി
കാര്‍ഷികോല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോല്‍പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ വിഴിഞ്ഞം സഹായകരമാകും. എക്‌സിം സേവനങ്ങളുടെ തുടക്കത്തോടെ വെയര്‍ഹൗസുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ തുടങ്ങിയ അനുബന്ധ മേഖലകളിലും വലിയ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തും സമീപ ജില്ലകളിലുമായി നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.
2031ഓടെ വന്‍ സ്വകാര്യ നിക്ഷേപം ലക്ഷ്യം
2031ഓടെ മിഷന്‍ സമുദ്ര പദ്ധതിയിലൂടെ പൊതു നിക്ഷേപത്തിന്റെ പത്തിരട്ടിയെങ്കിലും സ്വകാര്യ നിക്ഷേപമായി ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. വ്യവസായം, ലോജിസ്റ്റിക്‌സ്, സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്‌ക്കൊപ്പം തുറമുഖ പ്രവര്‍ത്തനം, വ്യാപാരം, നിര്‍മ്മാണം, നഗര സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കേരളത്തെ ഒരു 'ഉപഭോക്തൃ സംസ്ഥാനം' എന്ന നിലയില്‍നിന്ന് ഏഷ്യയിലെ പ്രധാന നിര്‍മ്മാണ-കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി മാറ്റുന്നതില്‍ വിഴിഞ്ഞം നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, പോര്‍ട്ട് ചാര്‍ജുകള്‍ എന്നിവയിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനവും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാം
20 മുതല്‍ 24 മീറ്റര്‍ വരെ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളെ വരെ സ്വീകരിക്കാന്‍ ശേഷിയുണ്ട്. പ്രധാന കിഴക്ക്-പടിഞ്ഞാറ് രാജ്യാന്തര കപ്പല്‍പാതയില്‍നിന്ന് ഏകദേശം 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണെന്നതും വിഴിഞ്ഞത്തിന്റെ പ്രധാന സവിശേഷതയാണ്. റോഡ്‌റെയില്‍ കണക്റ്റിവിറ്റി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കയറ്റുമതി ചരക്കുകളുടെ വലിയൊരു പങ്ക് വിഴിഞ്ഞം വഴി കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നതോടെ കേരളത്തിന്റെ കയറ്റുമതി-വ്യവസായ ചരിത്രത്തില്‍ പുതിയ അധ്യായത്തിനാണ് വിഴിഞ്ഞം തുറമുഖം തുടക്കമിടുന്നത്.