തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് ഇഡി വീണ്ടും പരിശോധന നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയില്‍നിന്ന് നേരത്തെ പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ പരിശോധനയെന്നാണ് വിവരം. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎല്‍എയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിലും സിപിഎം ജില്ലാ നേതാവ് നിഖിലിന്റെ ഫ്‌ലാറ്റിലും പരിശോധന നടക്കുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണിത്. സിഎംആര്‍എല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ നടപടികള്‍. കേസില്‍ മേയ് 27ന് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.
കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. നേരത്തെ പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
വീണയുമായി ബന്ധമുള്ള മറ്റൊരു സ്ഥാപനത്തിലും അന്വേഷണം
എക്സാലോജിക്കിന് പുറമേ 'ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍' എന്ന സ്ഥാപനവുമായുള്ള വീണയുടെ ബന്ധവും ഇഡി പരിശോധിക്കുന്നുണ്ട്. മേയ് 27ന് നടത്തിയ പരിശോധനയില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതായാണ് വിവരം. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
നേരത്തെ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ വീണയുടെ പേരിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലെ ?1,37,088, എക്സാലോജിക് സൊല്യൂഷന്‍സിന്റെ അക്കൗണ്ടിലെ ?27,585, ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ ?15,57,414 എന്നിവ ഇഡി മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം നേരത്തെ പുറത്തുവന്ന ഇഡി നടപടികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
സിഎംആര്‍എല്ലില്‍നിന്ന് എക്സാലോജിക്കിലേക്ക് നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ പ്രധാന അന്വേഷണ വിഷയം. ഇതുമായി ബന്ധപ്പെട്ട് വീണയെ ഇഡി നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. വീണയില്‍നിന്ന് ലഭിച്ച ഡയറിയിലെയും മറ്റ് രേഖകളിലെയും വിവരങ്ങള്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റെയ്ഡുകളെന്നാണ് സൂചന. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കോഴിക്കോട് ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളില്‍ ഇഡി വീണ്ടും പരിശോധന നടത്തുന്നത്.